വിജയ് ചിത്രം മെര്‍സലിന്റെ റിലീസിന് ഹൈക്കോടതി സ്റ്റേ; സിനിമയുടെ പരസ്യം പോലും പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശം, കാരണമിതാണ്

വിജയ് ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന വിജയ് ചിത്രം മെര്‍സലിന് മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്ന് 24 മണിക്കൂറിനകം തന്നെ ചിത്രം സ്റ്റേ ചെയ്തു കൊണ്ടുള്ള കോടതി ഉത്തരവ് വിജയ് ആരാധകരെ ഏറെ വിഷമത്തിലാക്കിയിരിക്കുകയാണ്. അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മെര്‍സല്‍ എന്ന പേരില്‍ ചിത്രത്തിന്റെ പരസ്യം, വിതരണം, റിലീസ് എന്നിവ പാടില്ലെന്ന് കോടതി അറിയിച്ചു.

ആവശ്യമായ രജിസ്‌ട്രേഷനൊന്നും കൂടാതെയാണ് മെര്‍സല്‍ എന്ന പേര് ചിത്രത്തിന് ഇട്ടിരിക്കുന്നതെന്ന് കാട്ടി എ.ആര്‍ ഫിലിംസിന്റെ എ.രാജേന്ദ്രന്റെ ഹര്‍ജിയെ തുടര്‍ന്നാണ് ചിത്രം സ്റ്റേ ചെയ്തുകൊണ്ടുള്ള കോടതി നടപടി. തങ്ങള്‍ 2015ല്‍ രജിസ്റ്റര്‍ ചെയ്ത ‘മെര്‍സല്‍ ആയിട്ടേന്‍’ എന്ന പേരിന് സമാനമാണ് ചിത്രത്തിന്റെ പേരെന്ന് കാണിച്ചായിരുന്നു ഹര്‍ജി. ഗ്രീന്‍ ആപ്പിള്‍ പിക്‌ച്ചേഴ്‌സിന്റെ മുഹമ്മദ് സാദിഖില്‍ നിന്നും 2014ല്‍ തങ്ങള്‍ വാങ്ങിയതാണ് ഈ ടൈറ്റില്‍ എന്നാണ് എ.ആര്‍ ഫിലിംസിന്റെ വാദം. 2016ല്‍ ഇതേ പേരില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസ് അനിത സുമന്ത് ആണ് ഒക്ടോബര്‍ 3 വരെ ചിത്രത്തിന് സ്റ്റേ ഏര്‍പ്പെടുത്തിയത്.

ചിത്രത്തിന്റെ ടീസര്‍ വ്യാഴാഴ്ച്ചയാണ് പുറത്തുവന്നത്. പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് പേരാണ് ടീസര്‍ കണ്ടത്. യുട്യൂബില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിച്ച വീഡിയോ എന്നിങ്ങനെ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കി മുന്നേറവെ ഉണ്ടായ നടപടിയെക്കുറിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരു മിനിറ്റും 15 സെക്കന്റ് ദൈര്‍ഘ്യമുളളതുമാണ് ടീസര്‍. ടീസറില്‍ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നത് വിജയ് ആണ്.

നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും വന്‍ വരവേല്‍പാണ് ആരാധകര്‍ നല്‍കിയത്. അറ്റ്‌ലിയാണ് മെര്‍സലിന്റെ സംവിധായകന്‍. അറ്റ്‌ലിയുടെ പിറന്നാള്‍ ദിവസമാണ് ടീസര്‍ പുറത്തുവിട്ടത്. തെരിക്കുശേഷം വിജയ്യെ നായകനാക്കിയുളള അറ്റ്‌ലിയുടെ രണ്ടാമത്തെ ചിത്രമാണിത്. മെര്‍സലില്‍ മൂന്നു വേഷത്തിലാണ് വിജയ് എത്തുന്നത്. ആദ്യമായാണ് വിജയ് മൂന്നു റോളില്‍ ഒരു ചിത്രത്തിലെത്തുന്നത്.