ഡ്രൈവര്‍ തെറ്റുകാരനല്ലെന്ന് ദൃക്‌സാക്ഷി; സ്ത്രീകള്‍ ഡ്രൈവറെ ആക്രമിച്ചത് അതിക്രൂരമായി തന്നെ വെളിപ്പെടുത്തല്‍

യൂബര്‍ ടാക്‌സി ഡ്രൈവര്‍ക്കു മര്‍ദ്ദനമേറ്റ സംഭവത്തില്‍ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി രംഗത്ത്. തെറ്റ് പൂര്‍ണ്ണതോതില്‍ യുവതികളുടെ ഭാഗത്താണെന്നും ദൃക്‌സാക്ഷി വെളിപ്പെടുത്തി.

യുവതികള്‍ സംഘം ചേര്‍ന്ന് ഏകപക്ഷീയമായി ഡ്രൈവറെ ആക്രമിക്കുകയായിരുന്നെന്നു സംഭവം നടന്ന സമയത്തു വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ ഷിനോജ് പറഞ്ഞു. ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന യുവതികളുടെ ആരോപണം വെറും കളവാണെന്നും ഷിനോജ് പറയുന്നു.

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായ കുമ്പളം സ്വദേശി ഷെഫീക്കിനെ (32) വൈറ്റിലയ്ക്കു സമീപം മൂന്നു യുവതികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തിന്റെ തുടക്കം മുതല്‍ ഉണ്ടായിരുന്ന ഏകസാക്ഷിയാണു തൃപ്പൂണിത്തുറയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ ഷിനോജ്.

പൂള്‍ ടാക്‌സി പ്രകാരം വിളിച്ച വാഹനത്തില്‍ നിന്ന് ഷിനോജിനെ ഇറക്കിവിടണം എന്നാവശ്യപ്പെട്ട് യുവതികള്‍ ഷഫീക്കിനോട് കയര്‍ത്തു. എന്നാല്‍ ഇതിന് ഷഫീക്ക് തയാറാകാത്തതിനെ യുവതികള്‍ അക്രമാസക്തരാകുകയായിരുന്നെന്നു ഷിനോജ് പറയുന്നു.

കരിങ്കല്ലു കൊണ്ട് തലയ്ക്കടിച്ചെന്നും നിലത്തിട്ട് ചവിട്ടിയെന്നുമുളള ഷഫീക്കിന്റെ പരാതി പൂര്‍ണമായും സത്യമാണ്. ഇതിനു പുറമേ നടുറോഡില്‍ ഷഫീക്കിന്റെ മുണ്ടഴിച്ച് അടിവസ്ത്രം വരെ യുവതികള്‍ വലിച്ചു കീറി. ഷഫീക്ക് മോശമായി പെരുമാറിയെന്ന യുവതികളുടെ വാദവും ഷിനോജ് തള്ളി.

അക്രമത്തിന്റെ തീവ്രതയനുസരിച്ചു ജാമ്യമില്ലാത്ത വകുപ്പുപ്രകാരം യുവതികള്‍ക്കെതിരെ കേസെടുക്കുമെന്നു തന്റെ മൊഴിയെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ തന്നോട് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതെന്തു കൊണ്ടാണെന്ന് അറിയില്ലെന്നും ഷിനോജ് പറഞ്ഞു.

മരട് പൊലീസ് കസ്റ്റഡിയില്‍ എടുത്ത യുവതികളെ പിന്നീട് ആള്‍ ജാമ്യത്തില്‍ വിട്ടയച്ചു. കണ്ണൂര്‍, പത്തനംതിട്ട സ്വദേശികളായ യുവതികള്‍. സിനിമ, സീരിയല്‍ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ്.

ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ വൈറ്റില ജംക്ഷനിലായിരുന്നു സംഭവങ്ങളുടെ തുടക്കം. നടുറോഡിലെ അടിപിടി കണ്ട് നാട്ടുകാര്‍ കൂടിയതോടെ പൊലീസെത്തി യുവതികളെ വൈറ്റില ട്രാഫിക് ടവറിലേക്കും ഷെഫീക്കിനെ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഷെഫീക്കിന്റെ മുഖത്തും തലയിലും ദേഹത്തും പരുക്കുണ്ട്. വനിതാ പൊലീസെത്തിയാണ് യുവതികളെ മരട് പൊലീസ് സ്റ്റേഷനിലേക്കു നീക്കിയത്.