ലണ്ടന്‍ നഗരത്തില്‍ ആസിഡ് ആക്രമണം നടത്തിയ പതിനഞ്ചുകാരന്‍ അറസ്റ്റില്‍ ; ആറുപേര്‍ക്ക് പരിക്ക്

ലണ്ടനിലെ കിഴക്കന്‍ നഗരമായ സ്റ്റാറ്റ്‌ഫോര്‍ഡിലാണ് സംഭവം. ഇവിടെ രണ്ടു ഗ്രൂപ്പുകള്‍ തമ്മില്‍ നടന്ന വാഗ്വാദത്തെത്തുടര്‍ന്നാണ് ഇരു കൂട്ടരും പരസ്പരം ആസിഡ് ആക്രമണം നടത്തുകയും ഇത് കാരണം നാട്ടുകാരായ ആറ് പേര്‍ക്ക് ഗുരുതര പരിക്ക് ഏല്‍ക്കുകയും ചെയ്തത്. ഇരുഗ്രൂപ്പുകളും തമ്മില്‍ ഉണ്ടായ തര്‍ക്കം മൂത്തതോടെ ഇവര്‍ സ്ഥലത്തുണ്ടായിരുന്ന ആളുകള്‍ക്ക് നേരെയും ആഡിഡ് ഒഴിക്കുകയായിരുന്നു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ആറു പേരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആസിഡ് ദേഹത്തു വീണവര്‍ നിലവിളിക്കുകയും ബഹളം വെയ്ക്കുകയും ചെയ്തതോടെ സ്ഥലം ജനങ്ങള്‍ പരിഭ്രാന്തരായി ചിതറിയോടി. എന്നാല്‍ ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് അക്രമികളെ അറസ്റ്റ് ചെയ്തു രംഗം ശാന്തമാക്കി. അക്രമം നടത്തിയതിന് കസ്റ്റഡിയിലെടുത്തവരില്‍ ഒരാള്‍ പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള ബാലനാണെന്ന് പൊലീസ് പറഞ്ഞു.