പരിക്കില്‍ വലഞ്ഞ ഫിഞ്ച് സെഞ്ച്വറിക്കരുത്തില്‍; ഇന്ത്യക്കെതിരായ മത്സരത്തില്‍ ആസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലേയ്ക്ക്

പരിക്കില്‍നിന്നു മുക്തനായി തിരിച്ചെത്തിയ ആരോണ്‍ ഫിഞ്ചിന്റെ സെഞ്ചുറിയുടെ മികവില്‍ ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 34 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് എന്ന ശക്തമായ നിലയിലാണ് ഓസീസ്. 45 റണ്‍സുമായി നായകന്‍ സ്റ്റീവ് സ്മിത്താണ് ഫിഞ്ചിനു കൂട്ടായി ക്രീസിലുള്ളത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ ഇതേവരെ 127 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

110 പന്തില്‍നിന്നു നാലു സിക്‌സറും 11 ബൗണ്ടറിയും സഹിതമാണ് ഫിഞ്ച് സെഞ്ചുറിയിലെത്തിയത്. 42 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറുടെ വിക്കറ്റാണ് ഓസീസിനു നഷ്ടപ്പെട്ടത്. ഹാര്‍ദിക് പാണ്ഡ്യക്കാണു വിക്കറ്റ്.

നേരത്തെ, ടോസ് നേടിയ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍നിന്നു മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഇന്‍ഡോറിലും ഇറങ്ങിയത്. അതേസമയം, ഓസീസ് നിരയില്‍ പരിക്കുമൂലം മാറിനിന്ന ആരോണ്‍ ഫിഞ്ചും പീറ്റര്‍ ഹാന്‍ഡ്‌സ്‌കോന്പും ടീമിലുള്‍പ്പെട്ടു.