ഏകദിനത്തിലെ നമ്പര്‍ വണ്ണായി നമ്മുടെ ടീം ഇന്ത്യ
സംഗീത് ശേഖര്‍
ആരോണ്‍ ഫിഞ്ചിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ പിന്‍ബലത്തില്‍ പോലും 350 എന്ന സ്കോറില്‍ എത്താന്‍ കഴിയാതിരുന്ന ഓസ്ട്രേലിയക്ക് പിഴച്ചതും അവിടെയായിരുന്നു. സ്പിന്നര്‍മാരും ഭുവനേശ്വര്‍ കുമാര്‍, ബുമ്ര എന്നീ രണ്ടു ഡത്ത് ഓവര്‍ സ്പെഷ്യലിസ്റ്റുകളും ചേര്‍ന്ന് ഓസീസ് ബാറ്റിംഗ് നിരയെ തളച്ചിട്ടു. 300 നു താഴെ മാത്രം നില്ക്കുന്ന ഒരു സ്കോര്‍ കൊണ്ട് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ വെല്ലുവിളിക്കാന്‍ തക്ക ബൌളിംഗ് ഡെപ്ത് അവര്‍ക്കില്ലായിരുന്നു.
ഒരു ക്ലിനിക്കല്‍ ചേസ് സാധ്യമാക്കി കൊണ്ട് ഇന്ത്യന്‍ ബാറ്റിംഗ് നിര ലക്ഷ്യം അനായാസം കണ്ടെത്തുകയും ചെയ്തപ്പോള്‍ ഇത്തരമൊരു ചേസിന് ഏറ്റവും പ്രധാനമായ നല്ല തുടക്കം ലഭിച്ചതോടെ ഓസീസ് ചിത്രത്തിലെ ഉണ്ടായിരുന്നില്ല.ഓണ്‍ സോംഗ്, രോഹിത് ശര്‍മ ക്രീസില്‍ ഒരു മാന്ത്രിക കാഴ്ചയാണ്.
അലസതയുടെയും ആധിപത്യത്തിന്റെയും മാറി മാറി വരുന്ന ഇടവേളകളില്‍ അയാളുടെ സ്ട്രോക്ക് പ്ലേ ഏതൊരു ലോകോത്തര താരത്തിനെയും അതിശയിപ്പിക്കുന്നതാണ്. അലസമായ ഒരു കവര്‍ ഡ്രൈവ് കെട്ടഴിക്കുന്ന അയാള്‍ തന്നെയായിരിക്കും അടുത്ത പന്തില്‍ വന്യമായ ഒരു പുള്‍ പുറത്തെടുക്കുന്നതും. കമ്മിന്‍സിന്റെ ഒരു 145 കിലോമീറ്റര്‍ ഷോര്‍ട്ട് പിച്ച് പന്ത് ഓഫ് സ്റ്റമ്പിനു പുറത്ത് നിന്നൊരു murderous പുള്‍ ഷോട്ടിലൂടെ അതിര്‍ത്തി കടത്തിയ കാഴ്ച ത്രസിപ്പിക്കുന്നതായിരുന്നു. ശര്‍മയുടെ ഫോം വളരെ വേഗം തിരിച്ചറിഞ്ഞ രഹാനെ അനായാസം സെക്കണ്ട് ഫിഡില്‍ റോള്‍ പ്ലേ ചെയ്തതോടെ കളി ഇന്ത്യയുടെ കയ്യിലായിരുന്നു. ഇടക്ക് പെട്ടെന്ന് വീണ വിക്കറ്റുകള്‍ അല്പം പരിഭ്രാന്തി സ്ര്യഷ്ടിച്ചുവെങ്കിലും പാണ്ഡ്യയും മനീഷും ചേര്‍ന്ന് നിയന്ത്രണം ഏറ്റെടുത്തു. ഏകദിന ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ പദവിയിലേക്ക് ഇന്ത്യന്‍ ടീം കയറി നില്‍ക്കുകയാണ്.
ഇന്ത്യന്‍ ക്രിക്കറ്റ് ഇന്നനുഭവിക്കുന്ന ലക്ഷ്വറിയുടെ സൂചനയാണ് ഒരു റണ്‍ ചേസ് എങ്ങനെ വേണമെങ്കിലും തീര്‍ക്കാന്‍ കഴിയുന്ന രണ്ടിലധികം കളിക്കാരുടെ സാന്നിധ്യം ടീമിലുണ്ട് എന്നത്. ഒരു റണ്‍ ചേസിനെ ഒന്നാന്തരം സ്ട്രോക്ക് പ്ലേയിലൂടെ നിസ്സാരമായി കൊന്നു കളയുന്ന വിരാട് കോഹ്ലി എന്ന ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന് എതിരാളികള്‍ക്ക് ഭയപ്പെടുത്തുന്ന സാന്നിധ്യമായി തുടരുന്നതും അയാളുടെ ക്ലാസി ഇന്നിംഗ്സുകളും നമുക്കൊരു ശീലമായി കഴിഞ്ഞു. എം.എസ് ധോനിയെന്ന സീസന്‍ഡ് കാമ്പെയിനര്‍ ക്രീസില്‍ ഉറച്ചു നിന്ന് സിംഗിളുകളും ഡബിളുകളുമേടുത്ത് കൂടുതല്‍ വിക്കറ്റ് നഷ്ടം ഒഴിവാക്കി ഒരവസാന ഓവര്‍ ഫിനിഷിലേക്ക് നയിക്കുമെന്ന സാദ്ധ്യത മുന്നില്‍ നില്‍ക്കെ തന്നെയാണ് ബിഗ് ഹിറ്റുകള്‍ കൊണ്ട് രണ്ടോ മൂന്നോ ഓവറിനുള്ളില്‍ റണ്‍ ചേസിലെ സമ്മര്‍ദ്ദം ഇല്ലാതാക്കി കളയുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ എന്ന ഓപ്ഷന് ഒരു വരദാനം പോലെ കടന്നു വരുന്നത്. ഒരു ഫ്ലോട്ടര്‍ ആയി ഉപയോഗിക്കാവുന്ന മധ്യനിര ബാറ്റ്സ്മാന്. അവസാന ഓവറുകളിലെ വെടിക്കെട്ട് മാത്രമല്ല മധ്യനിരയില്‍ ഒരു റണ്‍ ചേസ് നിയന്ത്രിക്കാനും അയാള്‍ പഠിച്ചു കഴിഞ്ഞു.
സ്പിന്നര്‍മാരെ ക്രീസില്‍ നിന്ന് കൊണ്ട് തന്നെ ഡോമിനേറ്റ് ചെയ്യാനുള്ള കഴിവുള്ളത് കൊണ്ട് തന്നെ മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരെ ഉപയോഗിച്ച് റണ്‍ ഒഴുക്ക് നിയന്ത്രിക്കുന്ന രീതി അയാളുടെ നേരെ ഉപയോഗിക്കാന്‍ കഴിയില്ല. ലെഗ് സ്പിന്നറായാലും ഓഫി ആയാലും പന്ത് അയാള്‍ക്ക് നേരെ ഫ്ലൈറ്റ് ചെയ്യിക്കുന്നത് അപകടം വിളിച്ചു വരുത്തുമെന്ന സ്ഥിതിയാണ്. അണ് ഓര്‍ത്തോഡോക്സ് ഷോട്ടുകള്‍ കളിക്കാനും മടിച്ചു നില്‍ക്കാത്ത ഹാര്‍ദ്ദിക് തന്റെ രീതികളില്‍ അല്പമൊരു നിയന്ത്രണം കൂടെ കൊണ്ട് വരുന്നതോടെ അയാള്‍ ഇന്ത്യന്‍ മധ്യനിരയുടെ ചൈതന്യമാകുമെന്നു ഉറപ്പാണ്. ഹാര്‍ദ്ദിക് പാണ്ഡ്യ കാട്ടുന്ന ടെമ്പറമെന്റ് തന്നെയാണ് ഓള് റൌണ്ടര്‍ ടാഗുമായി ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് കടന്നു വന്ന അര്‍ദ്ധ ഓള് റൌണ്ടര്‍മാരില്‍ നിന്നയാളെ വേര് തിരിച്ചു നിര്‍ത്തുന്നത്.
ജയിക്കാന്‍ 10 റണ്‍സ് മാത്രം മതി, മത്സരം ഏകദേശം അവസാനിച്ചിരിക്കുന്നു. ഇനി ചടങ്ങുകള്‍ മാത്രം അവശേഷിച്ചിരിക്കുന്ന അവസ്ഥയില്‍.. ഹിയര്‍ കംസ് എം.എസ് ധോണി And the crowd goes wild.. സച്ചിന് ടെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസത്തിനല്ലാതെ മറ്റൊരു താരത്തിനും ഒട്ടു മിക്കവാറും ഇന്ത്യന്‍ ഗ്രൌണ്ടുകളിലും ഇത്തരം വരവേല്പുകള് കിട്ടിയതായി ഓര്‍മയില്ല…