അനുഭവത്തെക്കാള്‍ വലിയ അധ്യാപകരില്ലല്ലോ യാത്രാ അനുഭവങ്ങള്‍ പങ്കുവെക്കൂ; ടൂറിസം വളര്‍ത്തൂ, മന്‍കി ബാത്തില്‍ മോദി

ന്യൂഡല്‍ഹി: വളരെയേറെ വൈവിദ്ധ്യങ്ങളുള്ള നാടാണ് ഇന്ത്യ. നാം ആദ്യം കാണേണ്ടത് നമ്മുടെ രാജ്യത്തെയാണ്. രാജ്യത്തെ അറിയാന്‍ സഹായിക്കുന്ന എല്ലാ സ്ഥലങ്ങളും സന്ദര്‍ശിക്കാണം. ഇന്ത്യന്‍ ടൂറിസം രംഗത്തിന്റെ വളര്‍ച്ചയ്ക്ക് ഏവരും സഹായിക്കണം. പ്രധാനമന്ത്രി നരേന്ദ്രമോഡി ജനങ്ങളോട് ആഹ്വാനം ചെയ്തു. പ്രതിമാസ റേഡിയോ പ്രഭാഷണ പരമ്പരയായ മന്‍ കീ ബാത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

അനുഭവത്തെക്കാള്‍ വലിയ അധ്യാപകരില്ലല്ലോ. യാത്രാ അനുഭവങ്ങള്‍ പങ്കുവെക്കൂ. യാത്ര ചെയ്തതിന്റെ ചിത്രങ്ങള്‍, സ്ഥലങ്ങളുടെ ചിത്രങ്ങള്‍ മാത്രമല്ല, പോയ സ്ഥലങ്ങളിലെ ആളുകളുടെ ചിത്രം കൂടി #incredibleindia യില്‍ പങ്കുവെക്കൂ. യാത്രാവേളയില്‍ അടുത്തറിഞ്ഞ സംസ്‌കാരങ്ങളെക്കുറിച്ച് കുറിപ്പുകള്‍ mygovApp ലൂടെയും narendramodiApp ലൂടെയും പോസ്റ്റ് ചെയ്യൂ എന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.

നിങ്ങളുടെ സംസ്ഥാനത്തെ മികച്ച ഏഴ് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടിക തയാറാക്കൂ. പറ്റുമെങ്കില്‍ ഇവിടങ്ങളിലേക്ക് യാത്രകള്‍ നടത്തൂ. അങ്ങനെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്ക് പ്രചാരം നല്‍കൂ. ആളുകള്‍ ഏറ്റവും കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കുന്ന രാജ്യത്തെ ഏഴ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ആപ്പിലൂടെ ഷെയര്‍ ചെയ്യാം.

സര്‍ക്കാര്‍ ഈ പട്ടിക പരിശോധിച്ച് ബ്രോഷറുകള്‍ ഇറക്കും. രാജ്യത്തിന്റെ ടൂറിസത്തിന് പ്രചാരണം നല്‍കാം എന്നും അദ്ദേഹം പറയുന്നു.
രാജ്യത്തോട് ആകമാനം സംവദിക്കാനുള്ള അവസരമാണ് മന്‍ കി ബാത് നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. മന്‍ കീ ബാത്തിന്റെ 36ാം ഭാഗമായിരുന്നു ഇന്നത്തേത്.