ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിയെ ജനമധ്യത്തില്‍ തൂക്കികൊന്നു

തെഹ്‌റാന്‍: ഇറാനില്‍ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 42 വയസുകാരനായ പ്രതിയെ ജനക്കൂട്ടത്തിന് മുന്നില്‍വെച്ച് തൂക്കിക്കൊന്നു. ഇസ്‌മെയില്‍ ജാഫര്‍സാഹെദ് എന്നയാളെയാണ് കഴിഞ്ഞ ദിവസം പൊതുസ്ഥലത്ത് വെച്ച് വധശിക്ഷക്ക് വിധേയനാക്കിയത്. അതേസമയം വധശിക്ഷ നടപ്പാക്കിയതിനെതിരെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രതിഷേധവുമായി രംഗത്തെത്തി.

അര്‍ദേബില്‍ പ്രവിശ്യയിലെ പര്‍ഷാബാദിലെ പൊതുയിടത്തില്‍ വെച്ചാണ് വധശിക്ഷ നടപ്പാക്കിയത്. പൊതുസ്ഥലത്ത് വെച്ച് പ്രതിക്ക് ശിക്ഷ നടപ്പാക്കിയത് ജനങ്ങളുടെ മനസില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും മനസിലുള്ള ദുഷ്ചിന്തകളെയും പ്രവര്‍ത്തികളെയും ഇല്ലാതാക്കുന്നതിനും വേണ്ടിയാണെന്ന് അര്‍ദേബിലെ പ്രോസിക്യൂട്ടര്‍ നാസര്‍ അത്ബാട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ജൂണ്‍ 19ന് തെരുവുകച്ചവടക്കാരനായ പിതാവിന്റെ അരികില്‍ നിന്ന് മടങ്ങുകയായിരുന്ന ഏഴുവയസുകാരി അഥേന അസ്‌ലാനിയെ കാണാതാവുകയായിരുന്നു. അഥേനിക്കായുള്ള തെരച്ചിലിനൊടുവില്‍ പ്രതിയുടെ വീടിനു സമീപത്തെ ഗാരേജില്‍ നിന്നും മൃതദേഹം കണ്ടെടുത്തു. തുടര്‍ന്ന് പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. കേസിലെ വിചാരണക്കൊടുവില്‍ പ്രതിക്ക് വധശിക്ഷ വിധിക്കുകയും സെപ്തംബര്‍ 11 ന് സുപ്രീം കോടതി ശിക്ഷ ശരിവെക്കുകയുമായിരുന്നു.