യു എന്‍ പ്രസംഗത്തില്‍ കോണ്‍ഗ്രസ് പദ്ധതികള്‍ ഉദ്ധരിച്ചതിന്‌ സുഷമയ്ക്ക് നന്ദി രേഖപ്പെടുത്തി രാഹുലിന്റെ ട്വീറ്റ്

ന്യൂഡല്‍ഹി : വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തില്‍ കോണ്‍ഗ്രസ് പദ്ധതികള്‍ ഉയര്‍ത്തി കാട്ടി പാകിസ്താന് ഉചിതമായ മറുപടി നല്‍കിയതിനാണ് സുഷമാ സ്വരാജിന് രാഹുല്‍ നന്ദി പറഞ്ഞത്. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ ഐഐടി, ഐഐഎം, എയിംസ് തുടങ്ങിയവ സ്ഥാപിക്കുമ്പോള്‍ പാകിസ്താന്‍ തീവ്രവാദം വളര്‍ത്താന്‍ ജെഇഎം, എല്‍ഇടി, ഹഖാനി നെറ്റ്‌വര്‍ക്ക് എന്നിവയാണ് സ്ഥാപിക്കുന്നത് എന്നും ഇന്ത്യ സൃഷ്ടിക്കുന്ന ഡോക്ടര്‍മാര്‍ ജീവന്‍ രക്ഷിക്കുമ്പോള്‍, പാകിസ്താന്റെ ഉത്പന്നമായ ഭീകരവാദികള്‍ ജീവനെടുക്കുകയാണ് ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. യുഎന്‍ പ്രതിനിധി സമ്മേളനത്തില്‍ പാകിസ്താന് ശക്തമായ മറുപടി നല്‍കിയതില്‍ കോണ്‍ഗ്രസ് വക്താവ്‌ രണ്‍ദീപ് സുര്‍ജോവാല സുഷമയെ അഭിനന്ദിച്ചിരുന്നു.

യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുമ്പോഴാണ് സുഷമ സ്വരാജ് പാകിസ്താനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്. അതേസമയം തന്റെ പ്രസംഗത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെയും പുകഴ്ത്താനും സുഷമ മറന്നില്ല.