ഹാദിയ: സംസ്ഥാന വനിതാകമ്മിഷന്‍ സുപ്രീം കോടതിയെ സമീപിക്കുന്നു; ഇടപെടല്‍ സമൂഹ്യാന്തരീക്ഷം കലുഷിതമാകാതിരിക്കാന്‍
ഹാദിയ കേസില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ സുപ്രീംകോടതിയെ സമീപിക്കും. കോടതി ഉത്തരവനുസരിച്ച് മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന ഹാദിയ അവകാശലംഘനങ്ങള്‍ നേരിടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷന്റെ ഇടപെടല്‍ നടത്തുന്നത്.
ഇതുമായി ബന്ധപ്പെട്ട് വനിതാ സംഘടനകളുടെ പരാതികളും ജനകീയ നിവേദനങ്ങളും ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സാമൂഹ്യാന്തരീക്ഷം കലുഷിതമാകാതിരിക്കാന്‍ വനിതാ കമ്മിഷന്‍ ഇടപെടുന്നതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ വ്യക്തമാക്കി.
സ്ത്രീപക്ഷ വിഷയങ്ങളില്‍ ഇടപെടേണ്ടത് വനിതാ കമ്മിഷന്റെ ചുതലയാണ്. ഇക്കാര്യത്തില്‍ നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കോടതിയെ സമീപിക്കുന്നത്. സംഭവത്തില്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാ കമ്മിഷന്‍ കോടതിയുടെ അനുമതി തേടും. മാത്രമല്ല, ഹാദിയയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്താനും അനുമതി തേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വൈക്കം സ്വദേശിനി ഹാദിയയെ (അഖില) മാതാപിതാക്കള്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന പരാതി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഒക്ടോബര്‍ മൂന്നിനു പരിഗണിക്കാനിരിക്കെയാണ് വനിതാ കമ്മിഷന്റെ ഇടപെടല്‍. അച്ഛന്‍ അശോകനില്‍ നിന്നു കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.