ആസ്ട്രേലിയയെ തകര്‍ത്തു ; ഏകദിന പരമ്പര ഇന്ത്യക്ക്

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ ഗാലറിയെ സാക്ഷിയാക്കി ഓസീസിനെതിരെ ഇന്ത്യയുടെ ഏകദിന പരമ്പ വിജയം. നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ ഓസീസിനെ കോലിയും സംഘവും 13 പന്ത് ബാക്കി നില്‍ക്കെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യ രണ്ട് ഏകദിനത്തിലും വിജയിച്ച ഇന്ത്യ ഇതോടെ അഞ്ചു ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ 3-0 നു മുന്നിലായി. 294 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 47.5 ഓവറില്‍ 5 വിക്കറ്റിന് കളി തീര്‍ത്തു.നേരത്തെ പരമ്പരയില്‍ ആദ്യമായി ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ 293 റണ്‍സാണ് അടിച്ചെടുത്തത്.

സെഞ്ചുറി നേടിയ ആരോണ്‍ ഫിഞ്ചും അര്‍ധ സെഞ്ചുറിയടിച്ച സ്റ്റീവ് സ്മിത്തുമാണ് ഓസീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ധോനിയുടെ നേതൃത്വത്തില്‍ ഇന്ത്യ ടിട്വന്റി കിരീടം നേടിയിട്ട് പത്ത് വര്‍ഷം തികയുന്ന സെപ്തംബര്‍ 24ന് തന്നെ ഇന്‍ഡോറില്‍ ഇന്ത്യന്‍ ടീം മറ്റൊരു നേട്ടം കൂടി കുറിച്ചത് ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇരട്ടിമധുരമായി.മികച്ച തുടക്കം ലഭിച്ച ഇന്ത്യക്കായി ഓപ്പണിങ് വിക്കറ്റില്‍ അജിങ്ക്യ രഹാനെയും രോഹിത് ശര്‍മ്മയും ചേര്‍ന്ന് 139 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്.  രഹാനെ 76 പന്തില്‍ 79 റണ്‍സ് അടിച്ചപ്പോള്‍ രോഹിത് 62 പന്തില്‍ 71 റണ്‍സ് നേടി.