യൂബര്‍ ടാക്‌സി ഡ്രൈവര്‍ ആക്രമിക്കപ്പെട്ട സംഭവം; വിശദമായ അന്വേഷണത്തിന് ഡിജിപിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: കൊച്ചിയില്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ യുവതികള്‍ ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. കൊച്ചി സിറ്റി പോലീസ് കമ്മീണര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. യുവതികള്‍ക്കെതിരേ ദുര്‍ബല വകുപ്പ് മാത്രം ചേര്‍ത്തതിനെ കുറിച്ച് അന്വേഷിക്കുമെന്നും ബെഹ്‌റ പറഞ്ഞു.

ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച യുവതികള്‍ക്കെതിരെ നിസാര വകുപ്പുകള്‍ മാത്രം ചുമത്തിയ പോലീസ് നടപടിയെ കുറിച്ച് വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വിശദമായ അന്വേഷണം നടത്താന്‍ ഡി.ജി.പി. നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച വൈറ്റിലയിലാണ് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദിച്ചത്. തുടര്‍ന്ന് പോലീസ് മൂന്ന് യുവതികളെ കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.