യുവ വിപ്ലവകാരികള്‍ മൂരികള്‍ എന്ന് വിളിച്ചത് ശരിയായില്ല; എച്ച്‌സിയുവിലെ മുദ്രാവാക്യത്തില്‍ വിടി ബല്‍റാം..
ഹൈദരാബാദ് സര്‍വ്വകലാശാല തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആഹ്‌ളാദ പ്രകടനത്തില്‍ എം.എസ്.എഫ്കാര്‍ക്കെതിരെ മലയാളികളായ എസ്.എഫ്.ഐക്കാര്‍ മൂരികളെന്ന മുദ്രാവാക്യം ഉയര്‍ത്തിയതില്‍ പ്രതിഷേധവുമായി വി.ടി. ബല്‍റാം.
ആഹ്ലാദ പ്രകടനത്തിനിടയില്‍ സഖ്യ കക്ഷിയായ എം.എസ്.എഫുകാരെ നോക്കി വെക്കിനെടാ മൂരികളെ പച്ചക്കൊടി താഴെ അന്തസ്സായ് വിളിക്ക് ഇങ്ക്വിലാബ് സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുമ്പോള്‍ സംഘ് പരിവാര്‍ മുദ്രാവാക്യത്തില്‍ നിന്ന് ഒരു വ്യത്യാസവും ഇല്ലാത്ത അസഹിഷ്ണുതയും വേട്ടയാടല്‍ പ്രവണതയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് വി.ടി. ബല്‍റാം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സോഷ്യൽ മീഡിയയിൽ വ്യത്യസ്ത രാഷ്ട്രീയ വീക്ഷണങ്ങളുള്ളവരെ കളിയാക്കിക്കൊണ്ടാണെങ്കിലും വിളിക്കുന്ന ചില പേരുകളുണ്ട്:
സംഘ് പരിവാർ അനുകൂലികളെ സ്വാഭാവികമായും സംഘികൾ എന്ന് വിളിക്കും. കേരളത്തിൽ മാത്രമല്ല, ദേശീയ തലത്തിലും അങ്ങനെത്തന്നെയാണ് വിളിക്കാറുള്ളത്.
കോൺഗ്രസ് അനുകൂലികളെ ആ പേരിനോട് ചേർന്നു നിൽക്കുന്ന തരത്തിൽ കോങ്ങികൾ എന്നും കമ്മ്യൂണിസ്റ്റുകളെ കമ്മികൾ/അന്തംകമ്മികൾ എന്നും എസ്‌ഡിപിഐ പോലുള്ള ഇസ്ലാമിസ്റ്റുകളെ സുഡാപ്പികൾ എന്നുമൊക്കെ വിളിക്കാറുണ്ട്. സഖാപ്പി, സംഘാവ് തുടങ്ങിയ മിക്സഡ് വകഭേദങ്ങളുമുണ്ട്. ഓരോ മീഡിയക്കും അതിന്റേതായ ഒരു ഭാഷയും ശൈലിയുമൊക്കെ ഉള്ളതുകൊണ്ട് പരിഹാസപൂർവ്വമാണെങ്കിലും സോഷ്യൽ മീഡിയയിലെ ആ വിളികൾക്കൊക്കെ ഒരു സ്വാഭാവികതയുണ്ട്.
എന്നാൽ ഇതേ സോഷ്യൽ മീഡിയയിൽ മുസ്ലീം ലീഗ് പ്രവർത്തകരെ പരിഹസിക്കാറുള്ളത് “മൂരികൾ” എന്ന് വിളിച്ചാണ്. സംഘികളും കമ്മികളും ഒരുപോലെ മത്സരിച്ച് ഈ അഭിസംബോധന നടത്താറുണ്ട്. എന്നാൽ ഇത് അങ്ങേയറ്റം അധിക്ഷേപപരവും വംശീയ ദുസ്സൂചനകളുള്ളതുമാണ് എന്ന് കാണാവുന്നതാണ്. മൂരികൾ അഥവാ കാളകൾ എന്നത് മുസ്ലിം സ്വത്വവുമായി ചേർത്തുവെക്കുന്നത് ബീഫ് തീറ്റ അടക്കമുള്ള ഭക്ഷണശീലങ്ങളെ ഒരു രാഷ്ട്രീയ വിഷയമായി ഉയർത്താനാഗ്രഹിക്കുന്ന സംഘ് പരിവാറിന്റെ ഹിന്ദുത്വ അജണ്ടയാണ്. മുസ്ലിം ലീഗ് പ്രതിനിധാനം ചെയ്യുന്നു എന്ന് കരുതപ്പെടുന്ന ഈ മുസ്ലിം സ്വത്വത്തെത്തന്നെ കടന്നാക്രമിക്കാനാണ് സംഘികളോടൊപ്പം സൈബർ സഖാക്കളും മൂരി വിളികൾ തുടരുന്നത്.
ഹൈദരാബാദ് സർവ്വകലാശാലയിലെ വിജയാഹ്ലാദ പ്രകടനത്തിൽ സഖ്യകക്ഷിയായ എംഎസ്‌എഫുകാരെ നോക്കി മലയാളികളായ എസ്‌എഫ്‌ഐ പ്രവർത്തകർ “വെക്കിനെടാ മൂരികളെ പച്ചക്കൊടി താഴെ, അന്തസ്സായ് വിളിക്ക് ഇങ്ക്വിലാബ് സിന്ദാബാദ്” എന്ന് മുദ്രാവാക്യം വിളിക്കുമ്പോൾ അത് സംഘ് പരിവാർ മുദ്രാവാക്യത്തിൽ നിന്ന് ഒരു വ്യത്യാസവും ഇല്ലാത്ത അസഹിഷ്ണുതയും വേട്ടയാടൽ പ്രവണതയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പറയാതെ വയ്യ. ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയ പ്രബുദ്ധതയുടെ ഉദാത്ത മാതൃകയായി ഉയർത്തിക്കാട്ടപ്പെടുന്ന ഒരു സർവ്വകലാശാല ക്യാമ്പസിലെ “യുവ വിപ്ലവകാരികൾ” ഇങ്ങനെയൊക്കെയാണ് ചുറ്റുമുള്ള രാഷ്ട്രീയത്തെ നോക്കിക്കാണുന്നതെങ്കിൽ അവരുടെ വിജയം എബിവിപിയുടെ വിജയത്തേക്കാൾ താരതമ്യത്തിൽ മാത്രം അൽപം ഭേദമാണെന്നേ ആശ്വസിക്കാൻ കഴിയൂ.