ബാലിയിലെ അംഗഗ് അഗ്‌നിപര്‍വ്വതം ഉടന്‍ പൊട്ടിത്തെറിക്കുമെന്ന് അധികൃതര്‍; 35,000 പേരെ മാറ്റി പാര്‍പ്പിച്ചു
ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയിലെ അംഗഗ് അഗ്‌നിപര്‍വ്വതം പുകയുന്ന സാഹചര്യത്തില്‍ 35,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. അഗ്‌നിപര്‍വതമുഖത്തിന്റെ 12 കിലോമീറ്റര്‍ ചുറ്റളവില്‍ ആളുകള്‍ എത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ആഗസ്റ്റ് അവസാനം മുതല്‍ ചെറിയ തോതിലുള്ള വിസ്‌ഫോടനങ്ങള്‍ പര്‍വ്വതത്തില്‍ നിന്നും ഉണ്ടാകുന്നുണ്ടായിരുന്നു. എന്നാല്‍ സെപ്തംബര്‍ 14 ലോടുകൂടിയാണ് ഇതിന്റെ ശക്തി കൂടിയത്.
പര്‍വ്വതത്തിന്റെ സീസ്മിക് എനര്‍ജി(ഭൂകമ്ബത്തിന് കാരണമാകുന്ന ഊര്‍ജം) ഉയര്‍ന്നു വരുന്നതായി കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കകം അഗ്‌നി പര്‍വതം പൊട്ടിത്തെറിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
സമുദ്ര നിരപ്പില്‍ നിന്നും 3,000 മീറ്റര്‍ ഉയരത്തിലാണ് അംഗഗ് പര്‍വ്വതം സ്ഥിതിചെയ്യുന്നത്. ബാലിയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രകൂടിയാണ് ഈ പ്രദേശം. 1963 ല്‍ ഇതില്‍ പൊട്ടിത്തെറിയുണ്ടായപ്പോള്‍ ആയിരം ആളുകളാണ് മരിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ സജീവ അഗ്‌നി പര്‍വ്വതങ്ങളുള്ള രാജ്യമാണ് ഇന്തോനേഷ്യ. 130 സജീവ അഗ്‌നിപര്‍വ്വതങ്ങളാണ് ഇവിടെയുള്ളത്.