വിജയങ്ങളില്ലാതെ 13 കളി; നാണം കെട്ട് ആസ്ട്രേലിയ, സ്റ്റീവ് സ്മിത്തിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഉടന്‍ തെറിച്ചേക്കും

ഇന്‍ഡോര്‍: സമകാലീന ക്രിക്കറ്റില്‍ ഏറ്റവും അതികം താരതമ്യപ്പെടുന്ന രണ്ടു താരങ്ങളാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തും. ബാറ്റിങ് ശൈലിയിലും ക്യാപ്റ്റന്‍സി മികവിലും രണ്ടു പേരും പലപ്പോഴും ക്രിക്കറ്റ് ചര്‍ച്ചകളില്‍ ഇടം തേടിയിട്ടുമുണ്ട്.ഇന്ത്യന്‍ പര്യടനത്തിനായി ആസ്ട്രേലിയ എത്തും മുന്‍പേ ഇരു താരങ്ങളെക്കുറിച്ചും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു.

പരമ്പരയിലെ ആദ്യ മൂന്നു മത്സരവും തോറ്റ് നിരാശയിലായിരിക്കുന്ന ഓസിസ് നായകനെതിരെ വിമര്‍ശന ശരങ്ങള്‍ ഉയര്‍ന്നു തുടങ്ങിയതാണ് ഇപ്പോഴത്തെ ചര്‍ച്ച. ഓസ്‌ട്രേലിയയ്ക്ക് പുറത്ത് കളിച്ച അവസാനത്തെ 13 മത്സരങ്ങളില്‍ ഒന്ന് പോലും ജയിക്കാന്‍ ഓസിസ് നിരക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് പുതിയ വിമര്‍ശനത്തിന് കാരണം.

സ്റ്റീവ് സ്മിത്തിന്റെ ക്യാപ്റ്റന്‍സിയെ ചോദ്യം ചെയ്ത് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു. സ്മിത്തിന്റെ ബാറ്റിംഗിനെക്കുറിച്ച് ക്ലാര്‍ക്കിന് സംശയമൊന്നുമില്ല. പക്ഷേ ക്യാപ്റ്റന്‍സി തൃപ്തികരമല്ലെന്ന് ക്ലാര്‍ക്ക് പറയുന്നു. 43ന് മേല്‍ ശരാശരിയും 87ന് മേല്‍ സ്‌ട്രൈക്ക് റേറ്റുമായി 101 ഏകദിനങ്ങളില്‍ നിന്നായി 3188 റണ്‍സ് സ്മിത്തിനുണ്ട്. 8 സെഞ്ചുറിയും 17 ഫിഫ്റ്റിയും ഇതില്‍ പെടും. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ പ്രചോദിപ്പിക്കാനും വിജയിപ്പിക്കാനും സ്മിത്തിന് പറ്റുന്നില്ല.

ജനുവരിയില്‍ പാകിസ്താനോട് സ്വന്തം നാട്ടില്‍ പരമ്പര ജയിച്ച ശേഷം കളിച്ച 17 മത്സരങ്ങളില്‍ വെറും മൂന്നെണ്ണം മാത്രമാണ് ഓസ്‌ട്രേലിയ ഈ വര്‍ഷം ജയിച്ചത്. അതും ആ മൂന്ന് വിജയങ്ങളും സ്വന്തം നാട്ടില്‍ ആയിരുന്നു. ഏത് അളവുകോല്‍ വെച്ച് നോക്കിയാലും ഒരു ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന് തീരെ ചേരാത്ത ഒന്ന്. ഇപ്പോഴിതാ ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്കെതിരായ പരമ്പരയും തോറ്റിരിക്കുന്നു. രണ്ട് മാസത്തിനകം ആഷസും രണ്ട് വര്‍ഷത്തിനകം ലോകകപ്പും എത്തി നില്‍ക്കേ ഓസ്‌ട്രേലിയ എത്രകാലം ഇതേ കളിയുമായി മുന്നോട്ട് പോകും എന്നാണ് ആരാധകരുടെ ചോദ്യം.