കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; നാദിര്‍ഷയുടേതും സുനിയുടേതും ഉടന്‍ പരിഗണിക്കും
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റ് ഭീഷണി നില നില്‍ക്കുന്നെന്ന് കാണിച്ച് നടി കാവ്യാമാധവന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഉച്ചകഴിഞ്ഞ് പരിഗണിക്കും.
പ്രതിഭാഗം അഭിഭാഷകന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് വാദം മാറ്റി വെച്ചത്. അതേസമയം ഇക്കൂട്ടത്തില്‍ സമര്‍പ്പിക്കപ്പെട്ട നാദിര്‍ഷയുടെയും പള്‍സര്‍ സുനിയുടേയും ജാമ്യാപേക്ഷ രാവിലെ തന്നെ പരിഗണിക്കും.
അറസ്റ്റുണ്ടാകുമെന്ന ആശങ്കയിലാണ് കാവ്യയും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയിലെത്തിയത്. റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ഭാര്യയെന്ന നിലയില്‍ തന്നെ പീഡിപ്പിക്കുകയാണെന്നും ദിലീപിന്റെ കുടുംബത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും കാവ്യയുടെ ഹര്‍ജിയില്‍ പറയുന്നു.
കേസില്‍ പറയുന്ന ”മാഡം” കാവ്യാ മാധവനാണെന്ന സുനിയുടെ മൊഴിക്കു പിന്നാലെയാണ് കാവ്യ മുന്‍കൂര്‍ ജാമ്യം തേടിയത്. സുനിയുമായി പരിചയമില്ലെന്നും മാഡമെന്നതു സാങ്കല്‍പ്പിക കഥാപാത്രമാണെന്നും കാവ്യയുടെ ഹര്‍ജിയിലുണ്ട്.
രണ്ടുവട്ടം ചോദ്യം ചെയ്യലിനു വിധേയനായ നാദിര്‍ഷയും അറസ്റ്റ് ഭയന്നാണു മുന്‍കൂര്‍ ജാമ്യം തേടിയത്. നാദിര്‍ഷ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ കോടതി ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം സംഘം നാദിര്‍ഷയെ ചോദ്യം ചെയ്യുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. നടിയെ ആക്രമിച്ച കേസിലെ പങ്കിനെക്കുറിച്ചുള്ള പല ചോദ്യങ്ങള്‍ക്കും നാദിര്‍ഷ നല്‍കിയ മറുപടി തൃപ്തികരമല്ലെന്നാണു പോലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.