രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍ എന്ന കുറ്റസമ്മതവുമായി മോദി
ന്യൂഡല്‍ഹി : രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് തുറന്നു സമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്നു വര്‍ഷമായി സാമ്പത്തിക നില സുസ്ഥിരമായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നു മാസമായി രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്നും മോദി പറഞ്ഞു. ഡല്‍ഹിയില്‍ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് തനിക്കുള്ളതെന്നും അഴിമതി നടത്താനായി എനിക്ക് ബന്ധുക്കള്‍ ഇല്ലെന്നും അത്തരക്കാര്‍ തന്റെ സംഘത്തിലില്ലെന്നും മോദി പറഞ്ഞു. മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.
യോഗത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താനാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ശ്രമിച്ചത്. കുടുംബവാഴ്ച ഇന്ത്യയുടെ ഭാഗമാണെന്ന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അമിത് ഷാ. കുടുംബ വാഴ്ച ബി.ജെ.പി യുടെ പാരമ്പര്യമല്ലെന്നും അത് കോണ്‍ഗ്രസിന്റെ പാരമ്പര്യമാണെന്നുമായിരുന്നു ഷായുടെ കുറ്റപ്പെടുത്തല്‍. ഡോക്‌ലാം വിഷയം പരിഹരിക്കാന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെ നേട്ടമാണ്. തീവ്രവാദത്തിനെതിരായ പോരാട്ടം തുടരും. തീവ്രവാദത്തിനെതിരായ പോരാട്ടത്തിന് മറ്റു രാജ്യങ്ങളുടെ പിന്തുണയുണ്ടെന്നും നിര്‍വ്വാഹകസമിതി യോഗത്തില്‍ സംസാരിക്കവെ മോദി പറഞ്ഞു.