ഇപി ജയരാജന് ക്ലീന്‍ചിറ്റ് നല്‍കാന്‍ വിജിലന്‍സ്; കേസ് നിയമപരമായി നിലനില്‍ക്കില്ല, റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ബന്ധുനിയമന വിവാദത്തില്‍ മുന്‍മന്ത്രി ഇ.പി. ജയരാജനെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിജിലന്‍സ് ഡയറക്ടര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസ് നിയമപരമായി നിലനില്‍ക്കില്ലെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് കേസ് അവസാനിപ്പിക്കാനുള്ള അനുമതി തേടി അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്.

കേസന്വേഷിച്ച വിജിലന്‍സ് എസ്.പി. കെ. ജയകുമാറാണ് റിപ്പോര്‍ട്ട് നല്‍കിയത്. വിജിലന്‍സ് ഡയറക്ടറുടെ പരിശോധനയ്ക്ക് ശേഷം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.

വിജിലന്‍സിന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. തുടര്‍ന്നാണ് അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ നടന്നിരിക്കുന്നത് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടിക്രമം മാത്രമാണ്. ബന്ധുനിയമന വിവാദത്തില്‍ ഇ.പി. ജയരാജന് പൂര്‍ണമായും ക്ലീന്‍ ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് നല്‍കിയിരിക്കുന്നത്.