നാലാം തവണയും ജര്‍മ്മനിയില്‍ ആംഗല മെര്‍ക്കല്‍; ‘പുത്തന്‍ നാസി’കളും പാര്‍ലമെന്റിലേക്ക്
ബെര്‍ലിന്‍: തുടര്‍ച്ചയായ നാലാം തവണയും ജര്‍മ്മനിയുടെ ചാന്‍സലറായി ആംഗല മെര്‍ക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു. 32 ശതമാനം വോട്ട് നേടിയാണ് മെര്‍ക്കല്‍ നേതൃത്വം നല്‍കുന്ന ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റ്സ് – ക്രിസ്റ്റ്യന്‍ സോഷ്യല്‍ യൂണിയന്‍ സഖ്യം അധികാരമുറപ്പിച്ചത്. പ്രധാന എതിരാളിയായ സോഷ്യല്‍ ഡെമോക്രാറ്റ്സ് രണ്ടാമതെത്തിയപ്പോള്‍ ചരിത്രനേട്ടം കുറിച്ച് തീവ്രവലതുപക്ഷ പാര്‍ട്ടി ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
മെര്‍ക്കലിന്റെ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റ്സ് – ക്രിസ്റ്റ്യന്‍ സോഷ്യല്‍ യൂണിയന്‍ സഖ്യം 32.9 ശതമാനം വോട്ടുനേടിയാണ് അധികാരത്തിലെത്തുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ ഏഴു ശതമാനത്തോളം വോട്ടിന്റെ കുറവാണ് മെര്‍ക്കലിന്റെ പാര്‍ട്ടിക്കുണ്ടായത്.ഏഴുപതിറ്റാണ്ടിനിടെയുള്ള ഏറ്റവും മോശം ഫലമാണിത്. എതിരാളിയായ സോഷ്യല്‍ ഡെമോക്രാറ്റ്സിന് 20 ശതമാനം വോട്ട് നേടി രണ്ടാമതെത്താനെ ആയുള്ളു.
ഇതോടെ നിലവിലെ സര്‍ക്കാരില്‍ പങ്കാളിയായ മാര്‍ട്ടിന്‍ ഷൂള്‍സും പാര്‍ട്ടിയും ഇത്തവണ മുഖ്യപ്രതിപക്ഷമാകും. അതേസമയം ചരിത്രനേട്ടം കൊയ്തത് തീവ്രവലതുപക്ഷമായ ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനിയാണ്. 13 ശതമാനം വോട്ടുനേടിയ ‘പുത്തന്‍ നാസി’കളെന്നു വിളിപ്പേരുള്ള എ.എഫ്.ഡിയുടെ പ്രതിനിധികള്‍ ആദ്യമായി പാര്‍ലമെന്റിന്റെ പടി ചവിട്ടും.
6.10 കോടി ജര്‍മന്‍കാരാണു വോട്ടുചെയ്തത്. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം അംഗല മെര്‍ക്കലിന് അനുകൂലമായിരുന്നു. 2005ലാണ് അംഗല മെര്‍ക്കല്‍ ആദ്യമായി ജര്‍മന്‍ ചാന്‍സലറായി തിരഞ്ഞെടുക്കപ്പെടുന്നത്. 2013നേക്കാള്‍ വന്‍തോതിലാണ് ഇത്തവണ വോട്ടുശതമാനത്തില്‍ ഇടിവുണ്ടായത്. അന്ന് മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡമോക്രാറ്റിക് യൂണിയന്‍ (സി.ഡി.യു) 41.7% വോട്ടോടെയാണ് ഒന്നാമതെത്തിയത്. 2013ലെ പൊതുതിരഞ്ഞെടുപ്പില്‍ 71% പോളിങ് രേഖപ്പെടുത്തിയിരുന്നു.