താന്‍ കമ്മ്യൂണിസ്റ്റ് അല്ല ; ബിജെപിക്ക് അനുയോജ്യന്‍ രജനികാന്ത് ; പുതിയ പാര്‍ട്ടി ഈ വര്‍ഷാന്ത്യം

ഈ വര്‍ഷം അവസാനത്തോടെ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് തമിഴ് നടന്‍ കമല്‍ ഹാസന്‍. തമിഴ്‌നാട്ടിലെ രണ്ട് പ്രമുഖ ദ്രാവിഡ പാര്‍ട്ടികള്‍ക്കും എതിരായിട്ടുള്ളതാകും അതെന്നും കമല്‍ പറഞ്ഞു. ഡിഎംകെയുടെയും എഐഎഡിഎംകെയുടെയും അഴിമതിക്ക് തമിഴ് ജനത സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്റെ പോരാട്ടം അഴിമതിക്ക് എതിരെയാണ്. എന്റെ പാര്‍ട്ടി ഈ രണ്ട് പാര്‍ട്ടികള്‍ക്കും എതിരായിട്ടായിരിക്കും. ഈ വര്‍ഷം അവസാനത്തോടെ പാര്‍ട്ടി രൂപീകരണം ഉണ്ടാകും കമല്‍ പറഞ്ഞു. താന്‍ ഒരു നിരീശ്വരവാദിയാണെന്നും അതിനാല്‍ ബിജെപിക്ക് യോജിച്ച വ്യക്തിയല്ലെന്നും കമല്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ രജനീകാന്ത് ബിജെപിക്ക് പറ്റിയ വ്യക്തി ആയിരിക്കുമെന്നും കമല്‍ പറഞ്ഞു. “രജനീകാന്തിന്റെ മതവിശ്വാസങ്ങള്‍ പരിഗണിക്കുമ്പോള്‍ ബിജെപിക്ക് തന്നെക്കാള്‍ യോജ്യന്‍ രജനികാന്ത് ആണ്.

അതുപോലെ താന്‍ ജാതീയതയ്ക്ക് എതിരാണെന്നും എന്നാല്‍ കമ്മ്യൂണിസ്റ്റ് അല്ലെന്നും കമല്‍ പറയുന്നു. “കമ്മ്യൂണിസ്റ്റുകളായ പലരേയും ഞാന്‍ ആദരിക്കുന്നുണ്ട്. എന്റെ ആരാധ്യപുരുഷരില്‍ ചിലര്‍ കമ്മ്യൂണിസ്റ്റുകളാണ്”. കമല്‍ വ്യക്തമാക്കി. രാഷ്ട്രീയ പ്രവേശനത്തിന് ഇതാണോ നല്ല സമയം എന്ന് ചോദിച്ചാല്‍ അല്ലെന്നാവും എന്റെ മറുപടി. അതുകൊണ്ടാണ് ഞാന്‍ ഈ സമയം തന്നെ തിരഞ്ഞെടുത്തതെന്നും കമല്‍ പറഞ്ഞു. തമിഴ്‌നാട് രാഷ്ട്രീയം ഇതുവരെ ഇത്രയും മോശപ്പെട്ട അവസ്ഥയിലേക്കെത്തിയിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തമിഴ്‌നാട്ടില്‍ അച്ചേ ദിന്‍ വന്നിട്ടില്ലെന്നും മറ്റ് സംസ്ഥാനങ്ങളില്‍ ഉണ്ടോ എന്നത് തനിക്ക് അറിയില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു. അച്ഛേ ദിന്‍ എന്ന് വരുമെന്നും അദ്ദേഹം ചോദിച്ചു.