ഉറി സൈനിക കേന്ദ്രം ലക്ഷ്യം വച്ചെത്തിയ മൂന്നാമത്തെ ഭീകരനെയും സൈന്യം വധിച്ചു
ശ്രീനഗര്‍: ഉറി സൈനിക കേന്ദ്രത്തിനു സമീപത്ത് ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയ മൂന്നാമത്തെ ഭീകരനെയും സൈന്യം വധിച്ചതോടെ ഒഴിവായത് വന്‍ഭീഷണി. സൈന്യം നടത്തിയ ശക്തമായ ഏറ്റുമുട്ടലില്‍ നിയന്ത്രണ രേഖ കടന്നെത്തിയ മൂന്ന് ഭീകരരെയും വധിച്ചു. ഉറിയില്‍ രാജ്യത്തെ തന്നെ നടുക്കിയ ഭീകരാക്രമണത്തിന് സമാനമായ ആക്രമണത്തിന് ലക്ഷ്യമിട്ടാണ് മൂന്ന് ഭീകരര്‍ നിയന്ത്രണ രേഖ കടന്നെത്തിയതെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു.
ഞായറാഴ്ച രാവിലെയാണ് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് കല്‍ഗായ് ഗ്രാമത്തില്‍ പൊലീസും സൈന്യവും നടത്തിയ തെരച്ചിലിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു. ആക്രമണത്തിനിടെ ഇന്നലെ തന്നെ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. മണിക്കൂറുകളോളം നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ മൂന്ന് ഭീകരരെയും സൈന്യം വധിച്ചു.
‘ഒരു വലിയ ദുരന്തമാണ് ഒഴിവാക്കാനായത് . കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ ആക്രമണമായിരുന്നു ഇത്തവണയും ഭീകരര്‍ ലക്ഷ്യം വെച്ചത്, എന്നാല്‍ പോലീസിനും സൈന്യത്തിനും നേരത്തെതന്നെ വിവരം ലഭിച്ചു. തുടര്‍ന്ന് സംയുക്തമായി നടത്തിയ നീക്കത്തില്‍ ശ്രമം നിര്‍വീര്യമാക്കുകയായിരുന്നു,’ ഡി.ജി.പി എസ്.പി വൈദ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഉറി സൈനിക കേന്ദ്രത്തില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 19 സൈനികരാണ് വീരമൃത്യു വരിച്ചത്. നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആയുധങ്ങളും സ്‌ഫോടകവസ്തുക്കളുമായി നാല് ഭീകരര്‍ ഉറി സൈനിക താവളത്തിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തുകയായിരുന്നു.