കാവ്യ മാധവന് മുന്‍കൂര്‍ ജാമ്യ ഹര്‍ജി വേണ്ടെന്ന് ഹൈക്കോടതി; നാദിര്‍ഷായുടെ ഹര്‍ജി അടുത്ത മാസം പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യ മാധവന് മുന്‍കൂര്‍ ജാമ്യം വേണ്ടെന്ന് ഹൈക്കോടതി. അറസ്റ്റ് സാധ്യതയില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന് പ്രസക്തിയില്ലെന്നാണ് വാദം കേട്ട ശേഷം ഹൈക്കോടതി അറിയിച്ചത്. രാവിലെ ഹര്‍ജി പരിഗണിച്ചെങ്കിലും ഉച്ചയ്ക്ക് ശേഷമാണ് കോടതി വാദം കേട്ടത്. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണ സംഘം മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു.

കേസില്‍ കാവ്യയെ പ്രതിയാക്കിയിട്ടില്ലെന്നു പോലീസ് കോടതിയെ അറിയിച്ചു. ഏറെ സമയം നാദിര്‍ഷ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി അടുത്ത മാസം നാലിനാകും കോടതി പരിഗണിക്കുക. കാവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയെടുത്ത തീരുമാനം നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ നിര്‍ണായകമാകും.

കാവ്യയുമായി ബന്ധമുണ്ടെന്ന പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിന് സാധ്യതയുണ്ടെന്ന വിലയിരുത്തലിനെതുടര്‍ന്നായിരുന്നു കാവ്യാമാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. അന്വേഷണ സംഘത്തിന് ദുഷ്ടലാക്കാണെന്നും അന്വേഷണം പക്ഷപാതപരമാണെന്നും ചൂണ്ടി കാട്ടിയാണ് കാവ്യ ഹൈക്കോടതയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്.