വിദ്യാര്‍ത്ഥിനിയെ അശ്ലീല കമന്റടിച്ച യുവാക്കള്‍ക്ക് ആറ് മാസം തടവും 1000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി
ന്യൂഡല്‍ഹി: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ‘ഹായ് സെക്‌സി’ എന്ന് കമന്റടിച്ച യുവാക്കള്‍ക്ക് ആറ് മാസത്തെ ജയില്‍ശിക്ഷയും 1000 രൂപ പിഴയും നല്‍കാന്‍ കോടതി വിധി. മഹാരാഷ്ട്രയിലാണ് സംഭവം. യുവാക്കളുടെ നടപടി പെണ്‍കുട്ടിയ്ക്ക് മാനഹാനിയുണ്ടാക്കിയെന്ന് നിരീക്ഷിച്ചു കൊണ്ടാണ് മഹാരാഷ്ട്രയിലെ പ്രത്യേക കോടതി യുവാക്കള്‍ക്ക് ജയില്‍ശിക്ഷ വിധിച്ചത്.
2015 മാര്‍ച്ചിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.രാത്രി എട്ട് മണിയോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ യുവാക്കള്‍ അശ്ലീല ഭാഷയില്‍ കമന്റടിക്കുകയായിരുന്നു. ‘ഹായ് സെക്‌സി, ഹലോ സെക്‌സി’ എന്ന് വിളിച്ച യുവാക്കള്‍ പെണ്‍കുട്ടിയുടെ പേരിനൊപ്പം അശ്ലീല പദപ്രയോഗവും നടത്തി. എന്നാല്‍ കമന്റുകള്‍ അവഗണിച്ച് പെണ്‍കുട്ടി മുന്നോട്ടു നടന്നു പോയത് ഇവരെ ചൊടിപ്പിച്ചു. തുടര്‍ന്ന് യുവാക്കള്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് പ്ലസ്ടു വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് ഇത്തരത്തിലുള്ള വിധികള്‍ സഹായകരമാകുമെന്നാണ് നിയമവിദഗ്ദരുടെ വിലയിരുത്തല്‍.