ദിലീപിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഇത് അഞ്ചാം തവണയാണ് ദിലീപ് ജമ്യഹര്‍ജിയുമായി കോടതിയെ സമീപിക്കുന്നത്. കേസില്‍ രണ്ടു മാസത്തിലേറെ ജയിലില്‍ കഴിഞ്ഞ തനിക്കു സോപാധിക ജാമ്യം നല്‍കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ജാമ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. എന്നാല്‍ നേരത്തെ ജാമ്യം തള്ളിയ സാഹചര്യം തന്നെയാണ് ഇപ്പോഴുള്ളതെന്ന് കേസ് പരിഗണിച്ച ദിവസം കോടതിനിരീക്ഷിച്ചിരുന്നു. സര്‍ക്കാറിനോട് വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ഹൈക്കോടതിയും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും രണ്ടുതവണ വീതം തള്ളിയിരുന്നു. ദിലീപിനു ജാമ്യം അനുവദിച്ചാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ഇടയുള്ളതിനാലും കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്ന കേസില്‍ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്.
റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് 79 ദിവസമായി ആലുവ സബ് ജയിലിലാണ്. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത മാസം നാലിലേക്കു
കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.അതെ സമയം ദിലീപിന്റെ ഭാര്യ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജി കഴിഞ്ഞ ദിവസം പരിഗണിച്ച കോടതി അറസ്റ്റിനുള്ള സാധ്യതയില്ലാത്തതിനാല്‍ കാവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിക്കു പ്രസക്തിയില്ല എന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ എന്തെങ്കിലും വഴിത്തിരിവുണ്ടാക്കുമോ എന്നാണു ഏവരും ഉറ്റു നോക്കുന്നത്.