അന്റാര്‍ട്ടിക്കയില്‍ മഞ്ഞുപാളി അടര്‍ന്നുമാറുന്നു, ഭീതിയോടെ ലോകം, കാലാവസ്ഥവ്യതിയാനം ശക്തമാകും

അന്റാര്‍ട്ടിക്കയില്‍ ഭീമന്‍ മഞ്ഞുപാളി അടര്‍ന്നുമാറി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരത വെളിവാക്കുന്നതാണ് ഇപ്പോഴത്തെ സംഭവം. അമേരിക്കയിലെ മാന്‍ഹാട്ടണ്‍ നഗരത്തിന്റെ നാലുമടങ്ങ് വലിപ്പമുള്ള മഞ്ഞുപാളിയാണ് അന്റാര്‍ട്ടിക്കയില്‍ അടര്‍ന്നുമാറിയിരിക്കുന്നത്ത്.

165 ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുള്ള മഞ്ഞുപാളിയാണ് അന്റാര്‍ട്ടിക്കയില്‍ നിന്ന് അടര്‍ന്നുപോയത്. രണ്ടുവര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഭീമന്‍ മഞ്ഞുപാളി അന്റാര്‍ട്ടിക്കയില്‍ നിന്ന് അടര്‍ന്നുമാറുന്നത്.

പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ ഭാഗമായ പൈന്‍ ദ്വീപില്‍ നിന്നാണ് ഭീമന്‍ മഞ്ഞുപാളി അടര്‍ന്നുപോയത്. ആ മഞ്ഞുപാളി ഉരുകിയാല്‍ സമുദ്രനിരപ്പ് 1.7 അടി ഉയരും.

40 കിലോമീറ്റര്‍ വിസ്താരമുള്ള, കടലിന്നടിയില്‍ 0.8 കിലോമീറ്റര്‍ ആഴത്തിലുള്ള മഞ്ഞുപാളിയാണ് ഇത്. ലോകത്തിന് മുന്നിലെ വലിയൊരു ഭീഷണിയായാണ് ഈ സംഭവത്തെ ഗവേഷകര്‍ നോക്കിക്കാണുന്നത്.

മഞ്ഞുരുകിയത് ചിത്രങ്ങളിലൂടെ…

കഴിഞ്ഞ കുറേക്കാലമായി പ്രതിവര്‍ഷം 4500 കോടി ടണ്‍ മഞ്ഞാണ് പൈന്‍ ദ്വീപില്‍ നിന്ന് ഉരുകിത്തീര്‍ന്നുകൊണ്ടിരിക്കുന്നത്. അസാധാരണമായ ഈ മാറ്റം എട്ടുവര്‍ഷം കൊണ്ട് സമുദ്രനിരപ്പ് ഒരുമില്ലീമീറ്റര്‍ ഉയര്‍ത്താന്‍ ഇടയാക്കും.

2000 ത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ അഞ്ചാമത്തെ മഞ്ഞുപാളി അടരല്‍ ആണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. കഴിഞ്ഞ ശനിയാഴ്ച പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളില്‍ നിന്നാണ് സംഭവത്തിന്റെ വ്യാപ്തി ഗവേഷകര്‍ക്ക് മനസിലായത്.