ഓടയില്‍ അജ്ഞാതന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി; അന്യസംസ്ഥാനക്കാരനാകാമെന്ന് പോലീസ്
ആലുവ: തിരക്കേറിയ ആലുവ മാര്‍ക്കറ്റിനു മുന്‍വശത്തെ ഓടയില്‍ അജ്ഞാതന്റെ അഴുകിയ ജഡം കണ്ടെത്തി. കൈയിലേയും കാലിലേയും തൊലി അടര്‍ന്നനിലയിലാണ് ജഡം കാണപ്പെട്ടത്. എപ്പോഴും തിരക്കേറിയ ഭാഗത്ത് പഴകിയ ജഡം കണ്ടെത്തിയത് ഏറെ ദുരൂഹതയുണര്‍ത്തുന്നുണ്ട്.
മാര്‍ക്കറ്റിന് മുന്‍വശം ദേശീയപാതയുടെ സമാന്തര റോഡിനോട് ചേര്‍ന്നുള്ള ഓടയില്‍ മേല്‍പ്പാലത്തിനടിയിലെ വഴിവാണിഭക്കാരിലൊരാളാണ് മൃതദേഹം കണ്ടത്. മെറൂണ്‍ കളര്‍ ഷര്‍ട്ടും മുണ്ടുമാണ് വേഷം. കറുത്ത നിറമാണ്. ഏകദേശം 50 വയസോളം പ്രായം തോന്നിക്കും.
മേല്‍പ്പാലത്തിനടിയില്‍ കിടന്നുറങ്ങുമ്പോള്‍ ഓടയിലേക്ക് വീണതാകാമെന്ന് സംശയിക്കുന്നു. എന്നാല്‍ മുട്ടോളം മാത്രം വെള്ളമുള്ള ഓടയില്‍ അഴുകിയ മൃതദേഹം കണ്ടത് ദുരൂഹത ഉയര്‍ത്തിയിട്ടുണ്ട്. രാത്രി കിടന്നുറങ്ങിയപ്പോള്‍ വീണതാണെങ്കില്‍ മൃതദേഹം അഴുകുന്നതിന് മുന്‍പേ കാണേണ്ടതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാത്രമല്ല, മൃതദേഹം വെള്ളത്തിന് മുകളില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്ന കണ്ടെത്തിയത്. ആലുവ പോലീസ് എത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
അന്യസംസ്ഥാനക്കാരനായിരിക്കാമെന്നാണ് പോലീസ് നല്‍കുന്ന സൂചന.