തോമസ് ചാണ്ടിയ്‌ക്കെതിരായ കയ്യേറ്റ ആരോപണത്തില്‍ നിര്‍ണായക തെളിവെടുപ്പ് ഇന്ന്
ഗതാഗതമന്ത്രി തോമസ് ചാണ്ടിയ്‌ക്കെതിരായ ഭൂമി കയ്യേറ്റ ആരോപണത്തില്‍ ഇന്ന് നിര്‍ണായക തെളിവെടുപ്പ്. ഭൂമി ഇടപാടുകള്‍ സംബന്ധിച്ച പരാതികളില്‍ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുളള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി മുഴുവന്‍ രേഖകളും ജില്ലാ കളക്ടര്‍ക്ക് മുമ്പാകെ ഹാജരാക്കണം.
തെളിവെടുപ്പിനായി ഉദ്യോഗസ്ഥതലത്തില്‍ വിപുലമായ തയ്യാറെടുപ്പാണ് നടത്തിയിട്ടുള്ളത്. മന്ത്രിയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഭൂമിയുടെയും കെട്ടിടങ്ങളുടെയും മുഴുവന്‍ രേഖകളും വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി ഹാജരാക്കണം.
വേമ്പനാട്ടുകായലിന്റെ തീരത്തെ ലേക് പാലസ് റിസോര്‍ട്ടിന്റെ നിര്‍മ്മാണം, റിസോര്‍ട്ടിലേക്കുള്ള റോഡ്, കായലില്‍ ബോയ സ്ഥാപിച്ചുള്ള കയ്യേറ്റം, റിസോര്‍ട്ടിന്റെ നികുതിയിളവ്, മാര്‍ത്താണ്ഡം കായലിലെ നികത്തല്‍, മാത്തൂര്‍ ഭൂമി ഇടപാട് എന്നിവയുമായി ബന്ധപ്പെട്ട രേഖകള്‍ കളക്ടര്‍ ടി.വി. അനുപമ പരിശോധിക്കും.