ഇന്ത്യയില്‍ എല്ലായിടത്തും മത്സരിക്കുന്ന’ഇലക്ഷന്‍ കിങ്ങ്’പത്മരാജന്റെ പത്രിക വേങ്ങരയില്‍ തള്ളി

മലപ്പുറം: ഇന്ത്യയിലെവിടെ ഇലക്ഷന്‍ നടന്നാലും ‘ഇലക്ഷന്‍ കിങ്’ എന്നറിയപ്പെടുന്ന തമിഴ്നാട് സ്വദേശി.കെ.പദ്മരാജന്‍ അവിടെ മത്സരിച്ചിരിക്കും. ജയിക്കാന്‍ വേണ്ടിയല്ല പദ്മരാജന്‍ മത്സരിക്കുന്നത്. റെക്കോഡിനു വേണ്ടിയാണ്. അതുകൊണ്ടു തോല്‍വി തനിക്കൊരു പ്രശ്‌നമല്ലെന്നാണ് പദ്മരാജന്‍ പറയുന്നത്. അങ്ങനെ വീണ്ടും റെക്കോഡിടാന്‍ വേങ്ങര ഉപതെരഞ്ഞെടുപ്പിലും പദ്മരാജന്‍ പത്രിക നല്‍കി പക്ഷെ പദ്മ രാജന്റെ തെരഞ്ഞെടുപ്പ് പത്രിക വേങ്ങരയില്‍ തള്ളി. കേരളത്തിലെ വോട്ടര്‍ അല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നോമിനേഷന്‍ തള്ളിയത്.

മത്സരിക്കണം, ഒരിക്കലും ജയിക്കരുത്. മത്സരിച്ച് റെക്കോര്‍ഡുകളില്‍ ഒരെണ്ണം കൂടി തികയ്ക്കണം. ഇതു മാത്രമേ തമിഴ്‌നാട് സേലം ജില്ലാക്കാരന്‍ പത്മരാജന് നിര്‍ബന്ധമുണ്ടായിരുന്നുള്ളു. പത്രിക തള്ളിയതില്‍ ഒരല്‍പ്പം നിരാശയുണ്ട് പദ്മരാജന്. എന്നാലും കുഴപ്പമില്ല. ഇന്ത്യയില്‍ ഇനിയെത്ര തെരഞ്ഞെടുപ്പുകള്‍ വരുന്നു. അവിടെയൊക്കെ മത്സരിക്കാമല്ലോ.

1981 മുതല്‍ വിവിധയിടങ്ങളില്‍ വിവിധ മുന്നണികളില്‍ മത്സര രംഗത്തുണ്ട്. ഇതിനിടയില്‍ നിരവധി പ്രമുഖര്‍ക്കെതിരെ മത്സരിച്ചു. പ്രണബ് മുഖര്‍ജി, നരേന്ദ്ര മോദി, ജയലളിത, കരുണാനിധി ഇങ്ങനെ നീളുന്നു പട്ടിക.182 തവണ മത്സരിച്ച് ഗിന്നസ് റെക്കോര്‍ഡും ലിംക ബുക്ക് റെക്കോര്‍ഡസുമടക്കം നിരവധി റെക്കോഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട് 59-കാരനായ പത്മരാജന്‍.