യുഎന്നില്‍ പാക്ക് മുഖംമൂടി വലിച്ചു കീറി ഇന്ത്യ; ആ ചിത്രങ്ങള്‍ വ്യാജമല്ല, ആരോപണങ്ങള്‍ക്ക് ചുട്ടമറുപടി
ന്യൂയോര്‍ക്ക്: യു.എന്‍. പൊതുസഭയില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ഭീകരവാദത്തിന്റെ ‘മാതാവ്’ എന്ന് ഇന്ത്യയെ പാകിസ്ഥാന്‍ വിശേഷിപ്പിച്ചതിന് ചുട്ടമറുപടി. ഭീകരവാദികള്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കശ്മീരി സൈനീകന്‍ ഉമര്‍ ഫായിസിന്റെ ചിത്രം ഉയര്‍ത്തിക്കാട്ടിയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന്റെ തെളിവുകള്‍ ഇന്ത്യ ഉയര്‍ത്തിക്കാട്ടിയത്.
ഐക്യരാഷ്ട്രസഭയില്‍ നയതന്ത്രഉദ്യോഗസ്ഥ പൗലോമി ത്രിപാഠിയാണ് പാക്കിസ്ഥാന്റെ കള്ളി പൊളിച്ച് ചുട്ടമറുപടിയുമായി രംഗത്ത് വന്ന മറ്റൊരു ഇന്ത്യന്‍ വനിത. ”ഈ ചിത്രം വ്യാജമല്ല; നിഷ്ഠൂരവും ദുരന്തമയവുമായ യാഥാര്‍ഥ്യം വിളിച്ചു പറയുന്ന ചിത്രമാണിത്” എന്ന് പറഞ്ഞാണ് പൗലോമി സംസാരിച്ചു തുടങ്ങിയത്.
വിവാഹചടങ്ങിനിടെ ഭീകരര്‍ തട്ടിക്കൊണ്ടു പോയ ലഫ്. ഉമര്‍ ഫായിസിനെ പാക്ക് പിന്തുണയോട് കൂടിയാണ് ഭീകരര്‍ വധിച്ചതെന്നും പൗലോമി യു.എന്നില്‍ വിശദീകരിച്ചു. ഉമറിന്റെ ചിത്രം ക്രൂരവും ദയനീയവുമായ യാഥാര്‍ത്ഥ്യമാണ് തുറന്ന് കാണിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു കൈയ്യില്‍ ഉമര്‍ ഫായിസിന്റെ മൃതദേഹത്തിന്റെ ചിത്രവും മറു കൈയ്യില്‍ പാക്ക് പ്രതിനിധി മലീഹ ലോധി സഭയില്‍ കഴിഞ്ഞ ദിവസം ഉയര്‍ത്തിക്കാണിച്ച ചിത്രവുമുയര്‍ത്തിക്കാണിച്ചാണ് പൗലോമി തന്റെ വാദമുന്നയിച്ചത്. കശ്മീരില്‍ ഇന്ത്യ നടത്തിയ അതിക്രമങ്ങളുടെ പടമെന്ന് പറഞ്ഞ് ഗാസയിലെ പടമാണ് മലീഹ ലോധി കഴിഞ്ഞ ദിവസം യുഎന്നില്‍ ഉയര്‍ത്തിക്കാണിച്ചത്.