ആശുപത്രിയില്‍ കഴിഞ്ഞ ജയലളിതയ്ക്ക് സുരക്ഷ നല്‍കിയിരുന്നില്ല; മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ് ദിനകരന്‍ ഇപിഎസ്സിന്റെ കുത്തിന് പിടിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ജയലളിതയുടെ സഹോദരപുത്രന്‍

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ ഇസഡ് ക്യാറ്റഗറി സുരക്ഷ നല്‍കിയിരുന്നില്ലെന്ന ആരോപണവുമായി സഹോദരപുത്രന്‍ ദീപക് രംഗത്ത്. ഒരു തമിഴ് ചാനലിന്‍ നല്‍കിയ അഭിമുഖത്തിലാണ് ദീപക്കിന്റെ വെളിപ്പെടുത്തല്‍. ടിടിവി ദിനകാരനെതിരെയും ദീപക് ഗുരുതര ആരോപണം ഉന്നയിച്ചിട്ടുണ്ട്. താനാകും അടുത്ത തമിഴ്‌നാട് മുഖ്യമന്ത്രിയെന്ന് പറഞ്ഞ് ടിടിവി ദിനകരന്‍ ഇടപ്പാടി കെ. പഴനി സ്വാമിയുടെ ഷര്‍ട്ടില്‍ പിടിച്ചിരുന്നുവെന്നും ജയലളിതയുടെ സഹോദര പുത്രന്‍ വെളിപ്പെടുത്തി.

ഗുരുതരാവസ്ഥയില്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ കഴിഞ്ഞ 60 ദിവസവും സുരക്ഷയുടെ ഭാഗമായുള്ള ഒരു ഉദ്യോഗസ്ഥരേയും ആശുപത്രിയില്‍ കണ്ടില്ലെന്നും, ആശുപത്രിയിലെ ക്ലോസ് സര്‍ക്യൂട്ട് ക്യാമറയില്‍ ഇതിനുള്ള തെളിവുണ്ടാകുമെന്നും ദീപക്ക് പറഞ്ഞു.കൂടാതെ ഒരു മന്ത്രി പോലും ആശുപത്രിയിലെത്തി ജയലളിതയെ കണ്ടില്ലെന്നും ദീപക് പറഞ്ഞു.

നീണ്ട കാലം ഒപ്പമുണ്ടായിരുന്ന, ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ശശികല ജയലളിതയുടെ കാര്യങ്ങള്‍ കൃത്യമായി നോക്കിയിരുന്നു. ശശികലയുടെ കുടുംബത്തിലെ അംഗമായിരുന്ന ഡോ. ശിവകുമാര്‍ ജയലളിതയ്ക്ക് ആവശ്യമായ ചികിത്സകള്‍ നല്‍കിയിരുന്നുവെന്നും. അവര്‍ക്ക് അദ്ദേഹത്തെ വളരെയധികം ഇഷ്ടമായിരുന്നുവെന്നും ദീപക് പറയുന്നു.

ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സെപ്റ്റംബര്‍ 22 മുതല്‍ അവിടെ എത്തിയിരുന്നു. ആദ്യ ദിനത്തില്‍ ജയലളിത അബോധാവസ്ഥയിലായിരുന്നുവെന്നും മൂന്നാം ദിവസം ബോധം ഉണ്ടായിരുന്നുവെന്നും അന്ന് അവര്‍ മുന്തിരി കഴിക്കുന്നത് കണ്ടുവെന്നും ദീപക്ക് പറഞ്ഞു.