റിയാദില്‍ സ്‌പോണ്‍സര്‍ പീഡിപ്പിച്ചിരുന്ന എരുമേലിക്കാരന്‍ ഡ്രൈവറെ രക്ഷപ്പെടുത്തി
റിയാദ്: റിയാദില്‍ സ്‌പോണ്‍സര്‍ പീഡിപ്പിച്ചിരുന്ന ഡ്രൈവറെ സാമൂഹ്യപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. ഹൗസ് ഡ്രൈവറായി റിയാദില്‍ ജോലിചെയ്തിരുന്ന കോട്ടയം എരുമേലി സ്വദേശി ജൈസലിനെയാണ് സ്‌പോണ്‍സറുടെ തടവില്‍ നിന്നും മോചിപ്പിച്ചത്.
ജൈസല്‍ ജോലി ചെയ്തിരുന്ന സ്ഥലത്ത് സ്‌പോണ്‍സര്‍ അദ്ദേഹത്തെ മര്‍ദിക്കുകയും പിന്നീട് 24മണിക്കൂറോളം ഭക്ഷണമോ വെള്ളമോ ഇല്ലാതെ റൂമില്‍ പൂട്ടി ഇടുകയും ചെയ്തു. 8000 സൗദി റിയാല്‍ നല്‍കാതെ ജൈസലിന് ഫൈനല്‍ എക്‌സിറ്റ് കൊടുക്കില്ല എന്നും സ്‌പോണ്‍സര്‍ വാദിച്ചു.
സംഭവം ജൈസലിന്റെ സുഹൃത്തുക്കളായ അന്‍സിലും, ലിജുവും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും മനുഷ്യ അവകാശ പ്രവര്‍ത്തകനുമായ ലത്തീഫ് തെച്ചിയെ അറിയിക്കുകയും, അദ്ദേഹം സമയോചിതമായി പ്രശ്‌നനത്തില്‍ ഇടപെടുകയുമായിരുന്നു.
റിയാദ് -പെട്രോളിംഗ് പോലീസ് (പബ്ലിക് സെക്യൂരിറ്റി) മേധാവിയുമായി ലത്തീഫ് തെച്ചി ഉടന്‍ ബന്ധപ്പെടുകയും വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഭവസ്ഥലത്ത് എത്തി ജൈസലിനെ മോചിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ സ്പോണ്‍സറെ വിളിച്ചുവരുത്തി നടപടികള്‍ സ്വീകരിക്കുകയും, യാതൊരു ചിലവുമില്ലാതെ സ്പോണ്‍സറെ കൊണ്ട് തന്നെ വിമാന ടിക്കറ്റ് അടക്കം എക്‌സിറ്റ് കൊടുപ്പിക്കുകയുംചെയ്തു.
കഴിഞ്ഞ എട്ട് വര്‍ഷമായി സൗദിയില്‍ ജോലി ചെയ്തിരുന്ന ജൈസല്‍ ഈ സ്വദേശി പൗരന്റെ കീഴില്‍ ജോലി ചെയ്തിട്ട് എട്ട് മാസം കഴിഞ്ഞു. തുടക്കം മുതലേ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം ഇദ്ദേഹം പിടിച്ചു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടക്ക് ആറോളം ഡ്രൈവര്‍ ഈ വീട്ടില്‍ വന്നുപോയി എന്നും ജൈസല്‍ പറയുകയുണ്ടായി.
ലത്തീഫ് തെച്ചിയുടെ നേതൃത്വത്തില്‍ ഷാനവാസ് രാമഞ്ചിറ, സജീര്‍ വള്ളിയോത്ത്, സലീഷ് പേരാമ്പ്ര, ഫക്രുദ്ധീന്‍ പെരിന്തല്‍മണ്ണ, ഹുസാം വള്ളികുന്നം, ഇല്യാസ് കാസര്‍കോട് എന്നിവരും വിവിധ ഘട്ടങ്ങളില്‍ സഹായം മോചനത്തില്‍ പങ്കാളികളായി. ഇന്ന് രാവിലെയുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ അദ്ദേഹം യാത്രയായി.