ഗുരുതരമായി പരിക്കേറ്റ പാമ്പിനെ സിടി സ്‌കാനിങ്ങിനു വിധേയമാക്കി; രോഗി’യെ അടക്കിക്കിടത്തിയത് ഇന്‍സുലേഷന്‍ ടേപ്പ് ഒട്ടിച്ച്, സംഭവം ഒഡീഷയില്‍

ഭുവനേശ്വര്‍ : മാരകമായി പരിക്കേറ്റ് കിടക്കുകയായിരുന്ന മലമ്പാമ്പിനെ മൃഗാശുപത്രയില്‍ എത്തിക്കുമ്പോള്‍ ഡോക്ടര്‍ പറഞ്ഞത് സി.ടി സ്‌കാനിങ് നടത്തിയാല്‍ മാത്രമേ പരിക്ക് എന്താണെന്ന് വ്യക്തമാകൂ എന്നാണ്. പാമ്പിന്റെ ജീവന്‍ രക്ഷിക്കാന്‍ ഒടുവില്‍ സി.ടി സ്‌കാനിങിന് വിധേയമാക്കി. ഭുവനേശ്വറില്‍ നിന്നും 130 കിലോമീറ്റര്‍ അകലെയുള്ള കിയോഞ്ചഹര്‍ ജില്ലയിലാണ് സംഭവം. ‘സ്‌നേക്ക് ഹെല്‍പ് ലൈന്‍’ ഉദ്യോഗസ്ഥനായ സുബേന്‍ഡു മാലിക്കാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

വനപാലകരാണ് പരിക്കേറ്റ പാമ്പിനെ സ്‌നേക്ക് ഹെല്‍പ്പ്‌ലൈനില്‍ ഏല്‍പ്പിച്ചത്.
ഒഡീഷയിലെ വെറ്റിനറി സര്‍വകലാശാലയില്‍ എത്തുമ്പോഴേക്കും പാമ്പിന്റെ നില അതീവ ഗുരുതരമായിരുന്നെന്ന് വനപാലകനായ മിഹിര്‍ പട്‌നായിക് പറഞ്ഞു. എക്‌സറെ എടുത്താല്‍ ശരീരത്തിനുള്ളില്‍ സംഭവിച്ച മുറിവുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കില്ല. അതുകൊണ്ടാണ് പെട്ടെന്നുതെന്നെ സി.ടി സ്‌കാനിന് വിധേയമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഒഡീഷയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇതിനുള്ള സൗകര്യം ലഭ്യമായിരുന്നില്ല. അതുകൊണ്ടാണ് പാമ്പിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. പാമ്പിനെ സി.ടിസ്‌കാനിന് വിധേയമാക്കാന്‍ ഏറെ ബുദ്ധിമുട്ടിയതായി അശുപത്രി അധികൃതര്‍ പറയുന്നു.

നീളം കൂടുതലായലിനാല്‍ ശരീരത്തിന്റെ എല്ലാഭാഗത്തിന്റെയും സ്‌കാനിങ് ഒരുമിച്ച് ചെയ്യുക എന്നത് ബുദ്ധിമുട്ടായിരുന്നു. വിദേശരാജ്യങ്ങളില്‍ പാമ്പിനെ മയക്കിയായിരുന്നു സി.ടി സാകാന്‍ ചെയ്യുന്നത്. എന്നാല്‍ ഇവിടെ പാമ്പിന്റെ അവസ്ഥ ഗുരുതരമായതിനാല്‍ അതിന് സാധിക്കില്ലായിരുന്നു. അതുകൊണ്ട് ഇന്‍സുലേഷന്‍ ടേപ്പ് വെച്ച് ഒട്ടിച്ചാണ് സ്‌കാനിങിന് വിധേയമാക്കിയത്.സ്‌കാനിങില്‍ പാമ്പിന്റെ തലയ്ക്കും മറ്റ് അവയവങ്ങള്‍ക്കും മാകരമായ പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. സ്‌കാനിങ് റിപ്പോര്‍ട്ടുകള്‍ വിദഗ്ധ പരിശോധനയ്ക്കായി വിദേശത്തേക്ക് അയച്ചിട്ടുണ്ട്. അതിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.