ഒരേ സമയം മൂന്ന് ട്രെയിനുകള്‍ ഒരേ ട്രാക്കില്‍; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

അലഹബാദ് : ഉത്തര്‍പ്രദേശില്‍ വന്‍ ട്രെയിന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. അലഹബാദില്‍ ഒരു ട്രാക്കില്‍ ഒരേ സമയം മൂന്ന് ട്രെയിനുകളാണ് നേര്‍ക്കുനേര്‍ എത്തിയത്. എന്നാല്‍ അവസാന നിമിഷം അധികൃതര്‍ ഇത് ശ്രദ്ധിച്ചതോടെ വന്‍ ദുരന്തം ഒഴിവാക്കാനായി.

ഡുറന്റോ എക്‌സ്പ്രസ്സ്, ഹാത്തിയ-ആനന്ദ് വിഹാര്‍ എക്‌സ്പ്രസ്, മഹാബോധി എക്‌സ്പ്രസ് എന്നിവയാണ് ഒരു ട്രാക്കില്‍ സഞ്ചരിച്ചത്. മൂന്നു ട്രെയിനുകളും ഒരേ ട്രാക്കിലാണ് സഞ്ചരിക്കുന്നത് എന്ന് ആദ്യം ട്രെയിന്‍ ഡ്രൈവറോ സ്റ്റേഷന്‍ മാസ്റ്ററോ ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ ഇതില്‍ രണ്ടു ട്രെയിനുകള്‍ പരസ്പരം അടുക്കാറായപ്പോഴാണ് അധികൃതര്‍ ഇത് ശ്രദ്ധിക്കുന്നത്. ഉടന്‍ തന്നെ സിഗ്‌നല്‍ നല്‍കി ട്രെയിന്‍ നിര്‍ത്തിയത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി.

ഈ മാസം തന്നെ രാജ്യത്ത് ആറ് ട്രെയിന്‍ അപകടങ്ങളാണ് ഉണ്ടായത്. എന്നാല്‍ ഇതില്‍ നിന്നും അധികൃതര്‍ പാഠം പഠിച്ചിട്ടില്ലെന്നതാണ് സംഭവം വ്യക്തമാക്കുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.അടിക്കടിയുണ്ടാകുന്ന ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് സുരേഷ് പ്രഭു റെയില്‍വേ വകുപ്പ് ഒഴിവാക്കി തരണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ റെയില്‍വേ വകുപ്പ് മന്ത്രിയായി പീയൂഷ് ഗോയലിനെ പ്രധാനമന്ത്രി നിയമിച്ചിരുന്നു. പുതിയ റെയില്‍വേ മന്ത്രിക്കും മന്ത്രാലയത്തില്‍ വലിയ ശ്രദ്ധയൊന്നുമില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് വിമര്‍ശനം.