‘സാധാരണ ജീന്‍സാണ് ധരിക്കാറ്,നശിച്ച ദിവസം എന്തോ മുണ്ട് ധരിക്കാന്‍ തോന്നി’ ഇനി മുതല്‍ ജോലി സമയത്ത് മുണ്ടുടുക്കില്ലെന്ന് യൂബര്‍ ഡ്രൈവര്‍

കൊച്ചി: സ്ത്രീകള്‍ മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്ന് ഇനി മുതല്‍ ജോലി സമയത്ത് മുണ്ടുടുക്കില്ലെന്ന് ഉറപ്പിച്ച് മര്‍ദ്ദനത്തിനിരയായ യൂബര്‍ ഡ്രൈവര്‍. ആക്രമിച്ച സ്ത്രീകള്‍ തന്റെ മുണ്ട് വലിച്ചു പറിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. ബുക്ക് ചെയ്ത കാറില്‍ പുരുഷ യാത്രക്കാരനുമായി വന്ന കുമ്പളം താനത്തില്‍ ഹൗസില്‍ ഷെഫീക്കിനെ (37) ഈ മാസം 20നായിരുന്നു സ്ത്രീകള്‍ റോഡിലിട്ട് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ഷെഫീക്ക് തനിക്കുണ്ടായ ശാരീരികവും മാനസികവുമായ ഞെട്ടലില്‍ നിന്ന് ഇതുവരെ മുക്തനായിട്ടില്ല.

മര്‍ദ്ദിച്ച സ്ത്രീകള്‍ ഷെഫീക്കിന്റെ മുണ്ട് വലിച്ചഴിക്കുകയും അടിവസ്ത്രം വരെ വലിച്ചു കീറുകയും ചെയ്തു. സ്ത്രീകളുടെ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷെഫീക്ക് സുഖം പ്രാപിച്ചു വരുന്നതേയുള്ളു. മുണ്ട് ഉടുത്തിരുന്നത് കൊണ്ടാണ് തനിക്കു അപമാനിതനാകേണ്ടി വന്നതെന്നും പാന്റ് ധരിച്ചിരുന്നെങ്കില്‍ മാനം പോകില്ലായിരുന്നുവെന്നും ഷെഫീഖ് പറയുന്നത്. അതുകൊണ്ടു ഇനി ജോലി സമയത്ത് മുണ്ട് ധരിക്കില്ല എന്ന് തീരുമാനിച്ചിരിക്കുകയാണ് ഷെഫീഖ്.

സാധാരണ ജോലിക്ക് പോകുമ്പോള്‍ ഞാന്‍ ജീന്‍സാണ് ധരിക്കാറുള്ളത്. അന്ന് ആ നശിച്ച ദിവസം എന്റെ ഗ്രഹപ്പിഴയ്ക്ക് മുണ്ട് ധരിക്കാന്‍ തോന്നി. ഇന്നിപ്പോള്‍ ആ നിമിഷത്തെ ഞാന്‍ ശപിക്കുകയാണ്. ഇനി ഒരിക്കലും ജോലി സമയത്ത് ഞാന്‍ മുണ്ട് ധരിക്കില്ല– ഷെഫീഖ് ഉറപ്പിച്ച് പറയുന്നു.

തന്നെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ടിവിയില്‍ കണ്ട അമ്മ ബോധരഹിതയായി. ഭാര്യയേയും സംഭവം വല്ലാത്ത മനോവിഷമത്തിലാക്കി. പത്തു വയസുള്ള മകന്‍ നിറുത്താതെ കരയുകയായിരുന്നു. പിന്നീട്, ഉപ്പ റോഡില്‍ നഗ്‌നനായി നിന്നുവെന്ന് തമാശയായി അവന്‍ പറഞ്ഞു. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയപ്പോള്‍ അങ്ങനെ പറയുന്നത് അവന്‍ നിര്‍ത്തി. നടന്നതിനെക്കുറിച്ച് കുറിച്ച് ഓര്‍ക്കാന്‍ പോലും കഴിയുന്നില്ലെന്ന് ഷെഫീഖ് മനോവിഷമത്തോടെ പറയുന്നു. സംഭവത്തിന് ശേഷം മാതാപിതാക്കളുടെ മുഖത്ത് നോക്കാന്‍ പോലും വിഷമമായിരുന്നു. ഇനി ആര്‍ക്കും ഇത്തരത്തിലൊരു അനുഭവം ഉണ്ടാവരുതേയെന്നാണ് താന്‍ പടച്ച തമ്പുരാനോട് പ്രാര്‍ത്ഥിക്കുന്നതെന്നും ഷെഫീഖ് പറയുന്നു.

അതേസമയം ആക്രമണത്തിനിരയായ ഷെഫീക്കിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസ് എടുത്തു. സംഭവത്തില്‍ പ്രതിയായ യുവതികളില്‍ ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും, സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചെന്നുമാണ് യുവതി പരാതിയില്‍ പറഞ്ഞിരിക്കുന്നത്.