അവര്‍ സെല്‍ഫി ലഹരിയിലമര്‍ന്നു; തൊട്ടുപുറകില്‍ കൂട്ടുകാരന്‍ ശ്വാസത്തിനായി കേണിരുന്നു, പക്ഷെ…

സെല്‍ഫിയില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടെ കോളജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. തെക്കന്‍ ബെംഗളൂരുവിലെ റാവഗോന്ദ്‌ലു ബെട്ടയിലാണ് സംഭവം. വിദ്യാര്‍ഥി സംഘം നീന്തല്‍ കുളത്തില്‍ നിന്നും സെല്‍ഫി പകര്‍ത്തുന്നതിനിടെ കൂടെയുള്ള വിദ്യാര്‍ഥി വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു.

എന്നാല്‍ തങ്ങള്‍ക്ക് പിറകില്‍ കൂട്ടുകാരന്‍ ശ്വാസത്തിനായി കേഴുന്നതറിയാതെ സംഘം സെല്‍ഫി പകര്‍ത്തുന്നതില്‍ മതിമറന്നു. ജയനഗര്‍ നാഷണല്‍ കോളജില്‍ നിന്നും എന്‍.സി.സി. ട്രെക്കിങ് ക്യാമ്പിനെത്തിയ 24 അംഗ സംഘത്തില്‍പ്പെട്ടയാളാണ് മുങ്ങിമരിച്ച ജി വിശ്വാസ്(17). ശനിയാഴ്ച മുതല്‍ ഇവര്‍ റാവുഗൊഡ്‌ലുവില്‍ ക്യാമ്പ് ചെയ്യുകയായിരുന്നു. ട്രക്കിങ്ങിനിടെ ഞായറാഴ്ച ഉച്ചയോടെ ക്യാമ്പില്‍ നിന്നും പന്ത്രണ്ടംഗ സംഘം സമീപത്തെ കല്ല്യാണി ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തി.

നീന്തല്‍ അറിയാത്ത വിശ്വാസും ഇവര്‍ക്കൊപ്പം ചേരുകയായിരുന്നു. നീന്തല്‍ കഴിഞ്ഞ് കരയ്ക്ക് കയറിയപ്പോഴാണ് വിശ്വാസ് കൂട്ടത്തിലില്ലെന്ന് സുഹൃത്തുക്കള്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന് സെല്‍ഫി ചിത്രങ്ങളും വീഡിയോയും പരിശോധിച്ചപ്പോഴാണ് സെല്‍ഫിയുടെ പശ്ചാത്തലത്തില്‍ വിശ്വാസ് മുങ്ങിത്താഴുന്നത് ശ്രദ്ധയില്‍പ്പെട്ടത്. വിദ്യാര്‍ഥി സംഘം വിവരമറിയിച്ചതിനെ തുടര്‍ന്ന് ആധ്യാപകരും മറ്റും സ്ഥലത്തെത്തി പരിശോധന നടത്തിയതിനെ തുടര്‍ന്ന് വിശ്വാസിന്റെ മൃതദേഹം കണ്ടെടുത്തു.

സംഭവത്തില്‍ കോളേജ് അധികൃതര്‍ക്കെതിരെ വിശ്വാസിന്റെ പിതാവ് ഗോവിന്ദയ്യ രംഗത്തെത്തി. കോളേജ് അധ്യാപകരുടേയും എന്‍സിസി ചുമതലയുള്ളവരുടേയും ഉത്തരവാദിത്തക്കുറവാണ് അപകടത്തിനിടയാക്കിയതെന്ന് പിതാവ് ആരോപിച്ചു.