വാദം പൂര്‍ത്തിയായി: ദിലീപിന്റെ ജാമ്യ ഹര്‍ജി വിധി പറയാന്‍ മാറ്റി. കൂടുതല്‍ നടി-നടന്‍മാരെ ചോദ്യം ചെയ്യും, റിമി ടോമിയുടെ രഹസ്യമൊഴി ഉടന്‍ രേഖപ്പെടുത്തും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി. പ്രധാനപ്പെട്ട സാക്ഷികളുടെ രഹസ്യ മൊഴിയടക്കം രേഖപ്പെടുത്തി.
പള്‍സര്‍ സുനിയും സംഘവും ദൃശ്യങ്ങള്‍ ചിത്രീകരിക്കാനായി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ എവിടെയെന്ന ചോദ്യത്തിന് അത് കണ്ടെത്താനുള്ള അന്വേഷണം അവസാന ഘട്ടത്തിലാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസില്‍ 21 പേരുടെ രഹസ്യമൊഴി ഇതുവരെ രേഖപ്പെടുത്തി കഴിഞ്ഞു. ഇതില്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരുമുണ്ട്. സിനിമാ മേഖലയിലെ നാല് പ്രമുഖരുടെ കൂടി മൊഴി രേഖപ്പെടുത്തുമെന്നും അന്വേഷണം തുടരുകയാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
90 ദിവസത്തിനകം ദിലീപിനെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ച് സ്വാഭാവിക ജാമ്യം തടയാനാണ് പോലീസിന്റെ ശ്രമം. 12 ദിവസം കൂടി മാത്രമാണ് റിമാന്‍ഡ് കാലാവധി അവസാനിക്കാന്‍ അവശേഷിക്കുന്നത്. ഇപ്പോള്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ കേസില്‍ വിചാരണ കഴിയുന്നതുവരെ ദിലീപിന് ജയിലില്‍ തുടരേണ്ടതായി വരും.
അതെ സമയം നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗായിക റിമി ടോമിയുടെ രഹസ്യ മൊഴി പോലീസ് രേഖപ്പെടുത്തും. ഇത് സംബന്ധിച്ച് എറണാകുളം സി.ജെ.എം കോടതിയില്‍ പോലീസ് അപേക്ഷ നല്‍കി. ആക്രമിക്കപ്പെട്ട നടിയുമായും, സംഭവത്തില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപുമായും റിമിക്ക് വളരെ അടുത്ത ബന്ധമാണുള്ളത്.
2012-ല്‍ ഒരു സ്റ്റേജ് ഷോക്ക് വേണ്ടി ആക്രമിക്കപ്പെട്ട നടിയും ദിലീപുമുള്‍പ്പെടുന്ന സംഘം ലണ്ടനിലേക്ക് നടത്തിയ യാത്രക്കിടെയുണ്ടായ ചില സംഭവങ്ങളാണ് നടി ആക്രമിക്കപ്പെട്ടതുവരെ എത്തിച്ചേര്‍ന്നത്. ഈ യാത്ര സംഘത്തില്‍ റിമിയും ഉള്‍പ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ ഈ സംഭവങ്ങളുടെ സാഹചര്യം അറിയുക എന്നതാണ് റിമിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നതിലൂടെ പോലീസ് ശ്രമിക്കുന്നത്.
ദിലീപിന്റെ അഞ്ചാമത്തെ ജാമ്യാപേക്ഷയാണ് ഇത്.ചൊവ്വാഴ്ചയാണ് ദിലീപിന്റെ അഭിഭാഷകന്റെ വാദം പൂര്‍ത്തിയായത്.ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങിയാലും കേസിനെ സ്വാധീനിക്കാന്‍ സാധിക്കില്ല. പ്രായമായ അമ്മയും മകളും വീട്ടിലുണ്ട്. ഏത് ഉപാധികളോടെയും പുറത്തിറങ്ങാന്‍ തയ്യാറാണെന്നുമാണ് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.