വികലാംഗയായ അമ്മായിഅമ്മയെ മരുമകള്‍ അടിച്ചുകൊന്ന ശേഷം കത്തിച്ചു ; സംഭവം ഡല്‍ഹിയില്‍

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ മണ്ടാവലിയിലിലാണ് സംഭവം. വികലാംഗയായ സ്വര്‍ണ(62)യെന്ന സ്ത്രീയെയാണ് മകന്റെ ഭാര്യയായ കാഞ്ചന്‍ കപൂര്‍ കൊലപ്പെടുത്തിയത്. അമ്മായി അമ്മയും മരുമകളും തമ്മിലുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. യുവതി അമ്മായി അമ്മയെ വിറക് ഉപയോഗിച്ച് അടിച്ചു കൊല്ലുകയായിരുന്നു. തുടര്‍ന്ന്‍ അപകടമരണമാണ് എന്ന് കാണിക്കുവാന്‍ വേണ്ടി മൃതദേഹം കത്തിക്കുവാനും യുവതി ശ്രമിച്ചു. എന്നാല്‍ കാലുകള്‍ മാത്രമാണ് കത്തിയത്.

ഹോട്ടല്‍ ജീവനക്കാരനായ സുമിത് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ അമ്മയെ മരിച്ച നിലയില്‍ കണ്ടത്. ഭാര്യയുടെ മൊഴിയിലെ വൈരുദ്ധ്യത്തേ തുടര്‍ന്നാണ് സുമിത് പോലീസില്‍ വിവരമറിയിച്ചത്. ഇരു നിലകളുള്ള ഫ്‌ളാറ്റിന്റെ മുകളിലെ നിലയില്‍ കാഞ്ചനും ഭര്‍ത്താവ് സുമിതും താഴെയുള്ള നിലയില്‍ സ്വര്‍ണ തനിച്ചുമാണ് താമസിച്ചിരുന്നത്. എന്നാല്‍ കാഞ്ചനും സ്വര്‍ണവും തമ്മില്‍ സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു എന്നാണു അയല്‍വാസികള്‍ പറയുന്നത്. ചോദ്യം ചെയ്യലില്‍ കാഞ്ചന്‍ കുറ്റം സമ്മതിച്ചതായും തുടര്‍ന്ന് അവരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.