കെഎസ്ആര്‍ടിസിയില്‍ ഇനി കണ്ടക്ടര്‍മാര്‍ ബസ് ഓടിക്കും, ഡ്രൈവര്‍മാര്‍ ടിക്കറ്റുമെടുക്കും; ‘ഡ്രൈവര്‍ കം കണ്ടക്റ്റര്‍’ സംവിധാനം ഉടന്‍
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ഇനി കണ്ടക്ടര്‍മാരും ബസ് ഓടിക്കും. അത് പോലെ ഡ്രൈവര്‍മാരും കണ്ടക്ടടറുടെ ജോലി ചെയ്യേണ്ടിവരും. ദീര്‍ഘ ദൂര സര്‍വ്വീസുകളില്‍ ഡ്രൈവര്‍മാര്‍ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനാണ് ഈ സംവിധാനം. ഡ്രൈവര്‍ കം കണ്ടക്റ്റര്‍ തസ്തികക്ക് കെ.എസ്.ആര്‍.ടി.സിയുടെ അംഗീകരം ലഭിച്ചിട്ടുണ്ട്.
അടുത്തമാസം അഞ്ച് മുതല്‍ കെ.എസ്.ആര്‍.ടി.സിയുടെ പ്രധാന സര്‍വീസുകളിലെല്ലാം ഡ്രൈവര്‍ കം കണ്ടക്റ്റര്‍ സംവിധാനം ആരംഭിക്കാനാണ് തീരുമാനം. ഇത്തരത്തില്‍ മള്‍ട്ടി ആക്‌സില്‍ വോള്‍വോ, സ്‌കാനിയ, സൂപ്പര്‍ ഡിലക്‌സ് , മിന്നല്‍, സില്‍വര്‍ലൈന്‍ ജറ്റ് എന്നീ അന്തര്‍ സംസ്ഥാന റൂട്ടുകള്‍ ഉള്‍പ്പെടുന്ന 42 സര്‍വീസുകളിലാണ് ഡ്രൈവര്‍ കം കണ്ടക്റ്റര്‍ സംവിധാനം നിലവില്‍ വരുന്നത്. ദീര്‍ഘദൂര സര്‍വ്വീസുകളിലെ ഡ്രൈവര്‍മാര്‍ എട്ടു മണിക്കൂറിലധികം തുടര്‍ച്ചയായി ജോലിചെയ്യേണ്ടിവരുന്ന സാഹചര്യത്തിലാണു ഡ്രൈവര്‍ കം കണ്ടക്റ്റര്‍ തസ്തിക കൊണ്ടുവരുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചത്.
ദീര്‍ഘദുര സര്‍വീസുകള്‍ കൂടുതലും രാത്രിയിലായതിനാല്‍ ഉറക്കമൊഴിഞ്ഞ് ഡ്രൈവര്‍മാര്‍ വാഹനമോടിക്കുന്നത് അപകടങ്ങള്‍ക്കും കാരണമായിരുന്നു. ഉത്തരം സര്‍വീസുകളില്‍ രണ്ടു ഡ്രൈവര്‍മാരെ നിയമിക്കുകയോ ഡ്രൈവര്‍ കം കണ്ടക്റ്റര്‍ തസ്തിക സൃഷ്ടിക്കുകയോ ചെയ്യണമെന്നായിരുന്നു പരക്കെ ഉയര്‍ന്നു വന്ന ആവശ്യം. ഇതിനെത്തുടര്‍ന്നാണ് മുന്‍ എം.ഡി ആന്റണി ചാക്കോയുടെ നേതൃത്വത്തില്‍ രൂപരേഖ തയ്യാറാക്കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ ദീര്‍ഘദൂര സര്‍വ്വീസുകളില്‍ ഡ്രൈവര്‍ കം കണ്ടക്റ്റര്‍മാരെ നിയമിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഡ്രൈവിങ്ങും കണ്ടക്റ്ററുടെ ജോലിയും അറിയാവുന്ന (ലൈസന്‍സുള്ള) രണ്ടു ജീവനക്കാരെ ഓരോ ബസിലും നിയമിക്കും. ഇവര്‍ക്ക് പ്രത്യേക അലവന്‍സും നല്‍കും.
മൂന്നുവര്‍ഷം മുന്‍പ് ഇതിനെക്കുറിച്ച് ചര്‍ച്ചകകള്‍ ആരംഭിച്ചിരുന്നെങ്കിലും ഡ്രൈവര്‍മാരുടെയും കണ്ടക്റ്റര്‍മാരുടെയും യോഗ്യതയുംശമ്പള സ്‌കെയിലും വ്യത്യസ്ഥമായതിനാല്‍ തീരുമാനം വൈകുകയായിരുന്നു. പിന്നീട് എം.ഡി മാറിപ്പോയതും പദ്ധതി നടത്തിപ്പിനെ ബാധിച്ചു. എന്നാല്‍ കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധികളെ കുറിച്ച് പഠിച്ച സുശീല്‍ഖന്ന ,വിഷയം നിലവിലെ എം.ഡിയെ അറിയിച്ചതിനെത്തുടര്‍ന്നാണ് ഡ്രൈവര്‍ കം കണ്ടക്റ്റര്‍ സംവിധാനം നടപ്പാക്കാന്‍ തീരുമാനമുണ്ടായത്. പരിശീലനം പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ ജനുവരിയോടെ സര്‍വീസിന് തയാറായിരുന്നെങ്കിലും യൂണിയനുകളുടെ എതിര്‍പ്പുംശമ്പള സ്‌കെയിലും പദ്ധതിക്ക് വീണ്ടും തടസ്സമായി. എന്നാല്‍ എം.ഡി രാജമാണിക്യം ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.