ഭീകരരുടെ തടവറയില്‍ നിന്നും മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ഒടുവില്‍ ജന്മനാട്ടിലേക്ക്
ജെജി മാത്യു മാന്നാര്‍
റോം: ഇന്ത്യന്‍ എംബസി നടപടികള്‍ പൂര്‍ത്തിയാക്കി ഭീകരരുടെ തടവറയില്‍ നിന്നും മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ഇന്ത്യയിലേയ്ക്ക് യാത്രയായി. റോമില്‍ നിന്നും ബുധനാഴ്ച്ച 7.40നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് അദ്ദേഹം യാത്ര തിരിച്ചത്.
ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും ഡെപ്യൂട്ടി അംബാസിഡര്‍ അദ്ദേഹത്തെ യാത്ര അയക്കാന്‍ എത്തിയിരുന്നു. എംബസ്സിയിലെ ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥനും, സലേഷ്യന്‍ സഭയിലെ രണ്ടു വൈദീകരും അദ്ദേഹത്തെ യാത്രയില്‍ അനുഗമിക്കും.
സെപ്റ്റംബര്‍ 28ന് രാവിലെ 7.40ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന ഫാ. ടോമിനെ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും, വിവിധ സംഘടനകളുടെ പ്രതിനിധികളും, കത്തോലിക്കാ സഭാ നേതൃത്വവും വിശ്വാസികളും ചേര്‍ന്ന് സ്വീകരിക്കും. വ്യാഴാഴ്ച തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിയുമായും, സഭാ പ്രതിനിധികളുമായി അദ്ദേഹം ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും.
സെപ്റ്റംബര്‍ 28ന് തന്നെ വൈകുന്നേരം 4.30ന് ഡല്‍ഹിയിലെ സിബിസിഐ സെന്ററില്‍ നടത്തുന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം തന്റെ അനുഭവങ്ങള്‍ വിവരിക്കും. തുടര്‍ന്ന് 5.30ന് ഡല്‍ഹി തിരുഹൃദയ കത്തീഡ്രല്‍ പള്ളിയില്‍ കൃതജ്ഞതാ ബലിയര്‍പ്പിക്കും. പിറ്റേദിവസം ഫാ. ടോം ബംഗളൂരുവിലെ അദ്ദേഹത്തിന്റെ സഭാ ആസ്ഥാനത്ത്‌തേയ്ക്കു യാത്രയാകും. കേരളത്തില്‍ നിന്നുള്ള കര്‍ദിനാള്‍മാരായ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ എന്നിവരെ അദ്ദേഹം ബംഗളൂരുവില്‍ സന്ദര്‍ശിക്കുമെന്നാണ് വിവരം.
ഒക്ടോബര്‍ ഒന്നാം തിയതി അദ്ദേഹം ജന്മനാട്ടില്‍ എത്തുമെന്നാണ് കരുതുന്നത്. നെടുമ്പാശ്ശേരിയില്‍ എത്തുന്ന അദ്ദേഹം പാലായ്ക്കും തുടര്‍ന്ന് സ്വദേശമായ രാമപുരത്തേക്കും പോകും. പിറ്റേദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രി, മന്ത്രിമാര്‍, സഭാ മേലധ്യക്ഷന്മാര്‍ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.