തോമസ് ചാണ്ടിക്കെതിരായ ആരോപണം സര്‍ക്കാരിനെ ബാധിച്ചിട്ടില്ല; ബിജെപി കലാപമുണ്ടാക്കന്‍ ശ്രമിക്കുന്നുവെന്നും കോടിയേരി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ കായല്‍ കൈയേറ്റ ആരോപണം സര്‍ക്കാരിന്റെ യശസിനെ ബാധിച്ചിട്ടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നിയമാനുസൃത നടപടിയെടുക്കും.

തെറ്റുചെയ്യുന്നവരെ ഇടതുപക്ഷ സര്‍ക്കാര്‍ സംരക്ഷിക്കില്ല. ആരോപണം ഉയര്‍ന്നതുകൊണ്ട് ആരെയും ക്രൂശിക്കുകയുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ കലാപമുണ്ടാക്കാനാണ് ബി.ജെ.പി. ശ്രമം. ബി.ജെ.പിയുടെ ജനരക്ഷായാത്രയ്ക്ക് സി.പി.എം. കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തത് ഇതിന് ഉദാഹരണമാണ്.

യാത്രകൊണ്ട് ബി.ജെ.പി. നേതാക്കളുടെ അജ്ഞത മാറുമെങ്കില്‍ നല്ലതാണ്.  സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും കോടിയേരി പറഞ്ഞു.