സുഷമയുടെ ‘ഇന്റര്‍നാഷണല്‍ കുമ്മനടി’ക്ക് ട്വിറ്ററില്‍ പൊങ്കാലയിട്ട് മലയാളികള്‍ ; ഷാര്‍ജയിലെ പ്രവാസികളുടെ മോചനത്തിന്റെ ക്രെഡിറ്റ് പിണറായിയില്‍ നിന്നും തട്ടിയെടുക്കാന്‍ സുഷമയുടെ ശ്രമം;
ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ട്വിറ്ററില്‍ മലയാളികളുടെ ട്രോള്‍ പൊങ്കാല. ഷാര്‍ജയിലെ ഇന്ത്യക്കാരുടെ ജയില്‍മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജ് പോസ്റ്റ് ചെയ്ത ട്വീറ്റാണ് മലയാളികളെ ചൊടിപ്പിച്ചത്.
കേരള സന്ദര്‍ശനത്തിനെത്തിയ ഷാര്‍ജാ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഷാര്‍ജയില്‍ ജയിളില്‍ കഴിയുന്ന 149 ഇന്ത്യന്‍ തടവുകാരെ വിട്ടയയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
കേരള സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം എത്തിയ ഷാര്‍ജ ഭരണാധികാരി, മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചക്കിടയിലാണ് ഷാര്‍ജ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെ ജയില്മോചിതരാക്കാമോയെന്ന് പിണറായി വിജയന് ഷാര്‍ജ ഭരണാധികാരിയോട് ആരാഞ്ഞത്. മുഖ്യമന്ത്രിയുടെ ആവശ്യം ഷാര്‍ജ ഭരണാധികാരി അംഗീകരിക്കുകയും, ക്രിമിനല്‍ കേസില്‍ അല്ലാതെ ജയില്‍ ശിക്ഷ നുഭവിക്കുന്ന ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇക്കാര്യം അപ്പോള്‍ത്തന്നെ മുഖ്യമന്ത്രി ഫേസ്ബുക്കിലും ട്വിറ്ററിലും കുറിച്ചിരുന്നു.
എന്നാല്‍ ഇതൊന്നും കാര്യാമാക്കാതെ ഭരണാധികാരിയുടെ തീരുമാനം സുഷമ സ്വരാജ് ട്വീറ്റ് ചെയ്തത് സ്വന്തം ശ്രമഫലമായി ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ സുല്‍ത്താന്‍ സമ്മതിച്ചു എന്നാക്കി. ഷാര്‍ജ ഭരണാധികാരിക്ക് നന്ദി അറിയിച്ചുകൊണ്ട് മറ്റൊരു ട്വീറ്റും സുഷമ പോസ്റ്റ് ചെയ്തു. ഇതാണ് മലയാളികളെ പ്രകോപിതരാക്കിയത്. ഈ പോസ്റ്റുകള്‍ക്ക് താഴെയാണ് മലയാളികള്‍ ട്രോളുകള്‍കൊണ്ട് നിറച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍കൊണ്ടാണ് ഇന്ത്യക്കാരെ ജയില്‍മോചിതരാക്കാന്‍ തീരുമാനിച്ചതെന്ന് മലയാളികള്‍ കൂട്ടമായി സുഷമ സ്വരാജിന്റെ ട്വീറ്റിന് കീഴെ കമന്റ് ചെയ്യുകയായിരുന്നു. ‘ഇന്റര്‍നാഷണല്‍ കുമ്മനടി’ എന്നാണ് ഈ ക്രെഡിറ്റ് തട്ടിയെടുക്കലിനെ ട്രോളന്മാര് വിശേഷിപ്പിക്കുന്നത്. എന്തായാലും സോഷ്യല്‍മീഡിയയില്‍ സംഭവം ചൂടുള്ള ചര്‍ച്ചയായിക്കഴിഞ്ഞു.