മെക്‌സിക്കോയിലെ പുനരധിവാസ കേന്ദ്രത്തില്‍ വെടിവെയ്പ്പ് 14 പേര്‍ കൊല്ലപ്പെട്ടു;എട്ട് പേര്‍ക്ക് പരിക്ക്

മെക്‌സിക്കോയിലെ ചിഹ്വാഹ്വയില്‍ പുനരധിവാസ കേന്ദ്രത്തിലുണ്ടായ വെടിവയ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റു. മയക്കുമരുന്നിന് അടിമകളായവരെ പാര്‍പ്പിച്ചിരുന്ന കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 9.50നായിരുന്നു സംഭവം.

പരിക്കേറ്റവരില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവസമയം 25 പേരാണ് പുനരധിവാസ കേന്ദ്രത്തില്‍ ഉണ്ടായിരുന്നത്. ഒരു സംഘം പുനരധിവാസ കേന്ദ്രത്തിലേക്ക് അതിക്രമിച്ചുകടന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ചിഹ്വാഹ്വ അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ കുറേ കാലമായി നിരവധി ആക്രമണങ്ങളാണ് പുനരധിവാസകേന്ദ്രങ്ങള്‍ക്കു നേരെ ഉണ്ടായിരിക്കുന്നത്. മയക്കുമരുന്നു കടത്തുകാര്‍ തമ്മിലുള്ള വൈരാഗ്യമാണ് ഇത്തരം ആക്രമണത്തിനു പിന്നിലെന്നുമാണ് അധികൃതര്‍ പറയുന്നത്.