പുകയില വില്‍ക്കുന്ന കടകളില്‍ കുട്ടികളെ ആകര്‍ഷിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വില്‍ക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തരുതെന്നും ഇത്തരം കടകള്‍ക്ക് ലൈസന്‍സ് നല്കുമ്പോള് ഇക്കാര്യം ശ്രദ്ധിക്കണമെന്ന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍.
കുട്ടികളിലെ ലഹരിമരുന്ന് ഉപയോഗം തടയാന്‍ വേണ്ടിയാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം.
പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ കുട്ടികളെ ആകര്‍ഷിക്കുന്ന ചോക്ലേറ്റ്, മിഠായികള്‍, ബിസ്ക്കറ്റ്, കോള തുടങ്ങിയവ വില്‍ക്കുന്നത് തടയുന്നതിനുള്ള സംവിധാനമൊരുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
പുകയിലെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് ലൈസന്‍സ് നല്കുന്നതില് നിയന്ത്രണം വരുത്തിയാല്‍ പുകയില വില്‍പ്പനയും നിയന്ത്രണത്തിലാക്കാന്‍ കഴിയുമെന്ന് നാഷണല്‍ ഹെല്‍ത്ത് മിഷന് സാമ്പത്തിക ഉപദേഷ്ടാവ് അരുണ്‍ കുമാര്‍ പറഞ്ഞു. കുട്ടികളെ ലക്ഷ്യമിട്ട് പുകയിലയുടെ അംശമുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തുന്നത് നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.