അച്ഛനും അമ്മയും തെറ്റുചെയ്തു ഞങ്ങളെന്തു ചെയ്യും; മാതാപിതാക്കള്‍ കൊലാപാതകക്കേസില്‍ ജയിലില്‍, കുരുന്നുകള്‍ക്ക് അഭയമൊരുങ്ങുന്നു

കോട്ടയം: അച്ഛനും അമ്മയും കൊലപാതകക്കേസില്‍ പ്രതികളായി ജയിലിലായതോടെ സംരക്ഷിക്കാന്‍ ആളില്ലാതെ അലഞ്ഞു നടന്നു ഇവര്‍. നാല് കുരുന്നുകള്‍. ഒടുവില്‍ കളക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് തണലൊരുങ്ങുന്നുവെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ സന്തോഷം പകരുന്നത്.

മുത്തശ്ശിയും നാലുകുട്ടികളും ഉള്‍പ്പെടെ അഞ്ചംഗ കുടുംബത്തിന് താമസിക്കാന്‍ വാടകവീടൊരുക്കുമെന്ന് കലക്ടര്‍ ഡോ. ബി.എസ്. തിരുമേനി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ല പോലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. ഇതേതുടര്‍ന്ന് 5,000 രൂപ പ്രതിമാസ വാടകയില്‍ വീട് സൗകര്യപ്പെടുത്താന്‍ പോലീസ് നടപടി ആരംഭിച്ചു. മാധ്യംത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.

ആഗസ്റ്റ് 23ന് പയ്യപ്പാടി മലകുന്നം പുന്നാപറമ്പില്‍ സന്തോഷിനെ പല കഷണങ്ങളാക്കി വെട്ടിനുറുക്കി കൊലപ്പെടുത്തി ചാക്കിലാക്കി ഉപേക്ഷിച്ച കേസിലെ പ്രതികളായ കുപ്രസിദ്ധ ഗുണ്ട വിനോദ്കുമാറും (കമ്മല്‍ വിനോദ് 38), ഭാര്യ കുഞ്ഞുമോളുമാണ് (34) തെരുവില്‍ അലയുന്ന ഈ മക്കളുടെ മാതാപിതാക്കള്‍.

വിനോദിന്റെ മാതാവും റിട്ട. കോട്ടയം നഗരസഭ ജീവനക്കാരിയുമായ തങ്കമ്മയാണ് (60) ഇവര്‍ക്ക് കൂട്ട്. 14 വയസ്സുള്ള ഒമ്പതാം ക്ലാസുകാരനാണ് മൂത്തയാള്‍. തൊട്ടുതാഴെയായി എട്ടിലും ആറിലും പഠിക്കുന്ന രണ്ട് ആണ്‍കുട്ടികളുമുണ്ട്. നാലുവയസ്സുള്ള പെണ്‍കുട്ടിയാണ് ഇളയവള്‍. കൊലപാതകത്തെത്തുടര്‍ന്ന് രണ്ടുദിവസം കോട്ടയത്തെ തണലില്‍ അഭയം തേടിയിരുന്നു.

പിന്നീട് മീനടം പീടികപ്പടിയിലെ വാടക വീട്ടില്‍ നിന്ന് ഇറക്കിവിട്ടു.കൊലപാതകക്കേസില്‍ പ്രതികളായവരുടെ മക്കള്‍ക്ക് ആരും വീട് നല്‍കാതെ തെരുവില്‍ കഴിയുന്ന സാഹചര്യം ഒഴിവാക്കാനാണ് പോലീസ് ഇടപെടലെന്ന്  സി.ഐ സാജു വര്‍ഗീസ് പറഞ്ഞു.

പിന്നെ നഗരത്തില്‍ അലഞ്ഞുതിരിഞ്ഞുള്ള ജീവിതമായിരുന്നു. ബസ് സ്റ്റാന്‍ഡുകളിലും കടത്തിണ്ണകളിലുമായിരുന്നു അന്തിയുറക്കം. ഒടുവില്‍ ആക്രിക്കടയില്‍നിന്ന് വാങ്ങിയ മാരുതി ഒമ്‌നി വാനില്‍ കോട്ടയം സബ് ജയിലിനു മുന്നില്‍ ആ അഞ്ചംഗ കുടുംബം താമസം ഉറപ്പിക്കുകയായിരുന്നു.

ഇവരുടെ കഷ്ടമറിഞ്ഞെത്തിയ കുടുംബത്തെ പോലീസ് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. അതേസമയം മക്കളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ ജില്ല ശിശുക്ഷേമസമിതി തീരുമാനിച്ചു. തിങ്കളാഴ്ച ചെയര്‍പേഴ്‌സണ്‍ കെ.യു. മേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സംരക്ഷണം ഏറ്റെടുത്ത മൂന്ന് ആണ്‍കുട്ടികളെ തിരുവഞ്ചൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോമിലും പെണ്‍കുട്ടിയെ തോട്ടക്കാട് ഇന്‍ഫന്റ് ജീസസ് ഗേള്‍സ് ഹോമിലും താമസിപ്പിക്കും.