സോളാര്‍ കേസ്: പുനരന്വേഷണം നടത്താനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സോളാര്‍ കേസില്‍ ജസ്റ്റീസ് ജി. ശിവരാജന്റെ റിപ്പോര്‍ട്ടില്‍ പുനരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. കേരളം രാഷ്ട്രീയ വ്യവസ്ഥിതിയില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ട്ടിച്ച കേസിനെക്കുറിച്ചുള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനു സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി കൈമാറിയിരുന്നു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടു നടന്ന ഇടപാടുകളില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനു ഗുരുതര വീഴ്ച സംഭവിച്ചതായി ഇതേക്കുറിച്ച് അന്വേഷിച്ച ജുഡീഷല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് സൂചന.

എ.ഡി.ജി.പി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ചില കേസുകള്‍ പുനരന്വേഷിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന്റെ പങ്കുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം നടത്തുന്നത്. മല്ലേയില്‍ ശ്രീധരന്‍ നായരുടെ കേസിലും പുനരന്വേഷണമുണ്ടാകും. റിപ്പോര്‍ട്ട് ഇന്നത്തെ മന്ത്രിസഭ യോഗം പരിഗണിക്കും എന്നാണ് കരുതുന്നത്.