പൂണൂല്‍ വിവാദം വിമര്‍ശിച്ചവര്‍ പന്നിക്കൂട്ടങ്ങള്‍ എന്ന് സുരേഷ് ഗോപി

പുണൂല്‍ വിഷയത്തില്‍ തന്നെ കളിയാക്കിയവരും കുറ്റപ്പെടുത്തിയവരും പന്നിക്കൂട്ടങ്ങള്‍ ആണെന്ന് സുരേഷ് ഗോപി എം പി. ഇത് തന്റെ ആഗ്രഹമാണെന്നും കപട മനുഷ്യസ്‌നേഹികളാണ് ഇതിനെതിരെ രംഗത്തുവരുന്നതെന്നുമാണ് മനോരമ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞത്. അടുത്ത ജന്മത്തില്‍ പുണൂല്‍ ഇടുന്ന ബ്രാഹ്മണനായി ജനിച്ച് ശബരിമല തന്ത്രി ആകണം എന്നാണു സുരേഷ് ഗോപി പറഞ്ഞത്. ‘ചര്‍ച്ചിലും മോസ്‌കിലുമെല്ലാം പുരോഹിതന്മാരുടെ രീതികളും ചിട്ടകളും ഉണ്ട്. അതൊന്നും മാറ്റാന്‍ പറയുന്നില്ലല്ലോ? നിസ്‌കാരം പഠിച്ചവരെല്ലാം ഇമാമാകുന്നില്ലാലോ? തന്ത്രവും മന്ത്രവുമെല്ലാം പഠിച്ചുവരുന്നവര്‍ കര്‍മ്മം കൊണ്ട് ബ്രാഹ്മണരാകട്ടെ, അതിന് ഞാന്‍ എതിര് പറഞ്ഞിട്ടില്ല.’ അദ്ദേഹം പറയുന്നു. ആര്‍.എസ്.എസിലും ബി.ജെ.പിയിലും പിടിച്ച് നില്‍ക്കാന്‍ ബ്രാഹ്മണനാകണമെന്ന തിരിച്ചറിവില്‍ നിന്നാണ് സുരേഷ് ഗോപിയുടെ പ്രസംഗമെന്നു കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞതിന് ‘അത് പുള്ളിയുടെ അഭിപ്രായം. അത് അദ്ദേഹം സ്വന്തം പാര്‍ട്ടിക്കാരോട് പറയട്ടെ. എന്നോട് വേണ്ട. ഇനിയിപ്പോ രാജ്യസഭാംഗം അമ്പലത്തില്‍ പോകരുത് എന്നുകൂടി പറയുമോ ഇവര്‍? ഇതൊക്കെ ഒരു ഭക്തന്റെ ഹൃദയവികാരമാണ്. വെറുതേ പന്നിക്കൂട്ടങ്ങള്‍ ചിലക്കുന്നു.’ അദ്ദേഹം പറഞ്ഞു.

യോഗക്ഷേമ സഭയുടെ സമ്മേളനത്തിലാണ് അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണം എന്ന് സുരേഷ് ഗോപി പറഞ്ഞത്. രോഹിങ്ക്യകള്‍ക്കെതിരെ വാദിക്കുന്ന മനുഷ്യ സ്‌നേഹികള്‍ എന്തുകൊണ്ട് കാശ്മീരി പണ്ഡിറ്റുകള്‍ക്ക് വേണ്ടി ഒന്നും മിണ്ടുന്നില്ലെന്നും ഈ പക്ഷപാതിത്വം എല്ലാ കാര്യത്തിലും ഉണ്ടെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണം എന്ന ആഗ്രഹം ശബരിമല തന്ത്രിയോട് പറഞ്ഞപ്പോള്‍ ഇപ്പോള്‍ പുനര്‍ജനിക്കേണ്ടതില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോള്‍ തന്നെ ഇവിടെ വേണമെന്നും ശബരിമല തന്ത്രി പറഞ്ഞുവത്രേ. പക്ഷേ അടുത്ത ജന്മത്തില്‍ ഈ കുടുംബത്തില്‍ പൗത്രനായി ജനിക്കട്ടെയെന്നും ശബരിമല തന്ത്രി അനുഗ്രഹിച്ചിട്ടുണ്ട് എന്നും സുരേഷ് ഗോപി പറയുന്നു. ഈ വിഷയം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് വിഷയ ദാരിദ്ര്യം കൊണ്ടാണെന്നും സുരേഷ് ഗോപി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.