‘ഇരയായ തനിക്കെതിരേ ജാമ്യമില്ലാ വകുപ്പ്; മര്‍ദ്ദിച്ച യുവതികള്‍ക്ക് നിസാര കുറ്റം; ടാക്‌സി ഡ്രൈവര്‍ ഹൈക്കോടതിയിലേക്ക്, പോലീസ് കുടുങ്ങും

കൊച്ചി: യുവതികളുടെ ആക്രമണത്തിനു ഇരായ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ ഷെഫീഖ് ഹൈക്കോടതിയിലേക്ക്. സംഭവത്തില്‍ ഇരയാക്കപ്പെട്ട തനിക്കു നേരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തപ്പോള്‍ യുവതികള്‍ക്കെതിരേ നിസാര വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിരിക്കുന്നത്.ഇതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്ന് ഷെഫീഖ് പറഞ്ഞു.

നഗരമധ്യത്തില്‍ വച്ചു പട്ടാപ്പകല്‍ തന്നെ മൂന്നു യുവതികള്‍ ചേര്‍ന്നു മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും ദൃക്സാക്ഷികളും ഉണ്ടായിട്ടും പോലീസില്‍ നിന്നും തനിക്കു നീതി നിഷേധിക്കപ്പെട്ടെന്ന് ഷെഫീഖ് പറയുന്നു.സീരിയല്‍ നടിയടക്കം മൂന്നു യുവതികള്‍ ചേര്‍ന്നാണ് ഷെഫീഖിനെ നാട്ടുകാരുടെ മുന്നിലിട്ടു ക്രൂരമായി മര്‍ദ്ദിച്ചത്. ഇവരുടെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

ഷെഫീഖിനെ ആക്രമിച്ച ക്രിമിനല്‍ പശ്ചാത്തലമുള്ള മൂന്നു യുവതികള്‍ക്കുമെതിരേ നിസാര കുറ്റങ്ങളാണ് മരട് പോലീസ് ചുമത്തിയിയിരിക്കുന്നത്. ഇതില്‍ കള്ളക്കളിഉണ്ട്. മാനസികമായും ശാരീരികുമായുമെല്ലാം തനിക്കാണ് തിരിച്ചടി നേരിട്ടത്. സമൂഹത്തില്‍ അപമാനിതനുമാക്കപ്പെട്ടു. വീടിനു പുറത്തു പോലും ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് തനിക്കുള്ളതെന്നും ഷെഫീഖ് പറഞ്ഞു. തനിക്കു പോലീസില്‍ നിന്നും നിഷേധനമുണ്ടായത് കൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഇനി മറ്റാര്‍ക്കും ഇത്തരത്തിലുള്ള ആക്രമണം നേരിടേണ്ടി വരരുത്.-ഷെഫീഖ് പറയുന്നു.

സപ്തബര്‍ ഇരുപതിനാണ് മൂന്നു യുവതികള്‍ ചേര്‍ന്നു ടാക്സി ഡ്രൈവറായ ഷെഫീഖിനെ ക്രൂരമായി മര്‍ദിച്ചത്.
ബുക്ക് ചെയ്തതിനെത്തുടര്‍ന്നെത്തിയ ഷെറീഖിന്റെ കാറില്‍ മറ്റൊരു യാത്രക്കാരനെ കണ്ടതോടെ യുവതികള്‍ അയാളെ ഇറക്കിവിടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഷെഫീഖ് ഇതിനു തയ്യാറാവാത്തതിനെ തുടര്‍ന്നാണ് യുവതികള്‍ ആക്രമണം നടത്തിയത്.

കരിങ്കല്ല് കൊണ്ട് തലയ്ക്കടിക്കുകയും ഷെഫീഖിന്റെ മുണ്ടും അടിവസ്ത്രവുമെല്ലാം യുവതികള്‍ വലിച്ചു കീറുകയും ചെയ്തു. പരിക്കേറ്റതിനെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഷെഫീഖ് പിന്നീട് ഡിസ്ചാര്‍ജാവുകയായിരുന്നു.