റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 14 പേര്‍ മരണം

മ്യാന്‍മറിലെ കലാപപ്രദേശത്തുനിന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്യുകയായിരുന്ന റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 14 പേര്‍ മരണം. 10 കുട്ടികളും നാല് സ്ത്രീകളുമാണ് മരിച്ചത്. നീന്തല്‍ അറിയാവുന്നവര്‍ നീന്തി കരയ്ക്ക് കയറി. തീരത്തോട് അടുത്ത സമയത്ത് കടലിനടിയിലെ ഏതോ വസ്തുവില്‍ തട്ടിയാണ് ബോട്ട് മറിഞ്ഞതെന്ന് രക്ഷപെട്ടവര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ബോട്ട് രണ്ടായി പിളര്‍ന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് ഈ സംഘം മ്യാന്‍മറിലെ തീരദേശ ഗ്രാമത്തില്‍നിന്ന് ബംഗ്ലാദേശിലേയ്ക്കുള്ള യാത്ര ആരംഭിച്ചത്. മ്യാന്‍മാറില്‍നിന്ന് ബംഗ്ലാദേശിലേയ്ക്ക് കടക്കുന്നതിനിടെ അടുത്ത കാലത്ത് 120-ല്‍ അധികം റോഹിംഗ്യര്‍ മരിച്ചിട്ടുണ്ട്. കുട്ടികളാണ് മരിച്ചവരില്‍ ഏറെയും .ചെറിയ മീന്‍പിടുത്ത ബോട്ടുകളില്‍ ഉള്‍ക്കൊള്ളാനാവുന്നതിലേറെ യാത്രക്കാരുമായി യാത്രചെയ്യുന്നതാണ് പലപ്പോഴും അപകടത്തിനിടയാക്കുന്നത്.