മറ്റ് എമിറേറ്റുകളിലേയും ഇന്ത്യക്കാരെ മോചിപ്പിക്കണം; സുഷമസ്വരാജിന് പിണറായിയുടെ കത്ത്‌

ചെറിയ കേസുകളിലകപ്പെട്ടു ഷാര്‍ജയിലെ ജയിലുകളില്‍ മൂന്നു വര്‍ഷത്തിലേറെയായി ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന ഷാര്‍ജ ഭരണാധികാരിയുടെ ഉറപ്പിനു പിന്നാലെ, യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിലെയും ഇന്ത്യക്കാരെയും മോചിപ്പിക്കാന്‍ ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. മറ്റ് എമിറേറ്റുകളിലെ ഇന്ത്യക്കാരുടെ മോചനത്തിന് വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്നാണ് ആവശ്യം.

ചെക്ക് കേസുകളിലും സിവില്‍ കേസുകളിലും കുടുങ്ങി മൂന്നു വര്‍ഷത്തിലേറെയായി ജയില്‍വാസം അനുഭവിക്കുന്നവരെ മോചിപ്പിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ഥന കണക്കിലെടുത്താണ് ഷാര്‍ജയിലെ ജയിലുകളിലുള്ള ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ കേരള സന്ദര്‍ശനത്തിനെത്തിയ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി തീരുമാനമെടുത്തത്.

മലയാളികളെ മോചിപ്പിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയെങ്കിലും ഇന്ത്യക്കാരെ മുഴുവനായി വിട്ടയയ്ക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കുകയായിരുന്നു. സമാനമായ ഇടപെടലാണ് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ഷാര്‍ജ ഭരണാധികാരി പ്രഖ്യാപിച്ച പ്രത്യേക പൊതുമാപ്പിന്റെ അടിസ്ഥാനത്തില്‍ 149 ഇന്ത്യക്കാര്‍ മോചിതരാകുമെന്നാണ് വിവരം.

സിവില്‍ കേസുകളില്‍ ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ധാരാളം നിവേദനങ്ങള്‍ സംസ്ഥാന സര്‍ക്കാരിനും വിദേശ മന്ത്രാലയത്തിനും ലഭിക്കുന്നുണ്ട്.

കത്തിന്റെ പൂര്‍ണ്ണരൂപം