സാരിക്ക് പകരം ചുരിദാര്‍ ധരിച്ചു ; പെണ്‍കുട്ടികള്‍ക്ക് 5000 രൂപ പിഴ ; സംഭവം കേരളത്തില്‍ തന്നെ

തെക്കന്‍ കേരളത്തിലെ പ്രമുഖ കോളേജിലാണ് സംഭവം. സാരി യൂണിഫോമായ സ്വാശ്രയ കോളേജില്‍ ചുരിദാര്‍ ധരിച്ചതിനാണ് കോളേജ് അധികൃതര്‍ പിഴ ഇടാക്കിയിരിക്കുന്നത്. 5000 രൂപയാണ് പിഴ ചുമത്തിയത് .പിഴ അടച്ചില്ലെങ്കില്‍ ഒക്ടോബര്‍ രണ്ടു മുതല്‍ വിദ്യാര്‍ഥിനികളെ ഡീബാര്‍ ചെയ്യുമെന്നാണ് അധികൃതരുടെ ഭീഷണി. അതേസമയം കോളേജില്‍ വന്നപ്പോള്‍ അല്ല കോളേജിന് പുറത്തുള്ള പരിപാടിയില്‍ ചുരിദാര്‍ ധരിച്ച് ചെന്നതാണ് പ്രിന്‍സിപ്പലിനെ ചൊടിപ്പിച്ചത്. പിഴ വ്യക്തമാക്കിക്കൊണ്ടുള്ള പ്രിന്‍സിപ്പലിന്റെ കത്ത് കിട്ടയപ്പോഴാണ് രക്ഷിതാക്കള്‍ സംഭവം അറിയുന്നത്. മക്കള്‍ അനാശാസ്യകരമായി പെരുമാറി എന്നും ഗുരുതര കുറ്റമാണ് കുട്ടികള്‍ ചെയ്തതെന്നാണ് അധികൃതര്‍ കത്തില്‍ കവ്യക്തമാക്കിയിരിന്നത്. എന്താണ് സംഭവം എന്ന് വ്യക്തമാകാത്ത രക്ഷകര്‍ത്താക്കള്‍ കത്ത് കിട്ടിയതും ആകെ ഭയക്കുകയും ചെയ്തു.

വിദ്യാര്‍ഥിനികള്‍ ചെയ്തിരിക്കുന്നത് അക്ഷന്തവ്യമായ കുറ്റമാണെന്നും കോളേജിന്റെ വസ്ത്രധാരണ കോഡില്‍ വെളളം ചേര്‍ത്തിരിക്കുകയാണെന്നും കത്തില്‍ പ്രിന്‍സിപ്പല്‍ ആരോപിക്കുന്നു. ശനിയാഴ്ചയ്ക്കുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ ഒക്ടോബര്‍ രണ്ടാം തീയതി മുതല്‍ വിദ്യാര്‍ഥിനികളെ ഡീബാര്‍ ചെയ്യുമെന്നും കത്തില്‍ ഭീഷണിയുണ്ട്. കത്തിനു പിന്നാലെ ചില രക്ഷിതാക്കളെ കോളേജില്‍ നിന്ന് വിളിച്ചിരുന്നുവെന്നും വിവരങ്ങളുണ്ട്. മഴയായത് കാരണം ചൊവ്വാഴ്ച കോളേജിന് പുറത്തു നടന്ന ഒരു മെഡിക്കല്ഡ പോസ്റ്റിങിന് പോയപ്പോള്‍ സൗകര്യാര്‍ഥം വിദ്യാര്‍ഥിനികള്‍ ചുരിദാര്‍ ധരിച്ചിരുന്നു. ഇതിനെയാണ് പ്രിന്‍സിപ്പല്‍ അനാശ്യാസമായ പ്രവര്‍ത്തി എന്ന് പറയുന്നത്. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മുന്‍ അധ്യാപകനാണ് പ്രിന്‍സിപ്പല്‍. തിരുവനന്തപുരത്ത് അധ്യാപകനായിരുന്നപ്പോഴും പെണ്‍കുട്ടികള്‍ സാരി മാത്രമേ ധരിക്കാവൂ എന്ന് സര്‍ക്കുലര്‍ ഇറക്കിയ വ്യക്തികൂടിയാണ് ഇദ്ദേഹം.