ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്നതിനുള്ള നിയന്ത്രണം; മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

നടന്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയത് മനുഷ്യാവകാശ ലംഘനമാണെന്ന പരാതിയില്‍ ആലുവ സബ്ജയില്‍ സൂപ്രണ്ടിനോട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി.

തൃശൂരില്‍ നടന്ന സിറ്റിങ്ങിലാണ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സലിം ഇന്ത്യ പരാതി സമര്‍പ്പിച്ചത്. ദിലീപിനെതിരായ അന്വേഷണം നീളുകയാണെന്ന പരാതിയിലും ആലുവ റൂറല്‍ എസ്.പിയോട് കമ്മിഷന്‍ വിശദീകരണം തേടും.

സന്ദര്‍ശകരുടെ എണ്ണം കൂടിയതിനെ തുടര്‍ന്നാണു നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. പുതിയ തീരുമാന പ്രകാരം കുടുംബാംഗങ്ങള്‍ക്കും പ്രധാന വ്യക്തികള്‍ക്കും മാത്രമേ ഇനി സന്ദര്‍ശനത്തിന് അനുമതിയുണ്ടാകു. ഇതിനെതിരെയാണ് മനുഷ്യാവകാശ കമ്മിഷനില്‍ പരാതിയെത്തിയത്.

ജയിലില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ പാലിക്കാറുള്ള നിയന്ത്രണം ദിലീപിന്റെ കാര്യത്തിലുണ്ടായില്ലെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. നടന്മാരായ ജയറാം, ഗണേഷ്‌കുമാര്‍ എംഎല്‍എ, വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, സുധീര്‍, അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍, സംവിധായകരായ രഞ്ജിത്, നാദിര്‍ഷാ, നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, എം.രഞ്ജിത്, തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം, ഏലൂര്‍ ജോര്‍ജ് തുടങ്ങിയവര്‍ ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു.